Latest News

റംഷീദിനെ കൊന്നതാണെന്ന് പിതാവിന്റെ പരാതി

കാഞ്ഞങ്ങാട് : കൊളവയല്‍ വളപ്പില്‍ വീട്ടില്‍ കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ വി റംഷീദിന്റെ(20) മരണം കൊലപാതകമാണെന്ന് പരാതിപ്പെട്ട് വീട്ടുകാര്‍ രംഗത്ത്.
ഒക്‌ടോബര്‍ 16 ന് രാത്രി 1 മണിയോടെ ചിത്താരി മുക്കൂട്ടില്‍ നിന്ന് ബൈക്ക് ഓടിച്ചു വരവെയാണ് യുവാവ് തീര്‍ത്തും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. മരണത്തിനു തലേ ദിവസം വൈകിട്ട് നാലര മണിയോടെ ഇഖ്ബാല്‍ ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന ഹംസയുടെ മകന്‍ അഫ്‌സല്‍ റംഷീദിന്റെ വീട്ടില്‍ വരികയും റംഷീദിനെ കൂട്ടി ഒരു മോട്ടോര്‍ ബൈക്കില്‍ അവിടെ നിന്ന് പോവുകയും ചെയ്തു.

ഈ സമയം റംഷീദിന്റെ ഉമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് ഒരു മണിക്കൂര്‍ കഴിഞ്ഞ് അഫ്‌സല്‍ വീട്ടിലേക്ക് വരുകയും റംഷീദിനെ തിരക്കുകയും ചെയ്തു. കുറച്ച് മുമ്പ് തന്റെ കൂടെ യാത്ര തിരിച്ച റംഷീദ് വീട്ടിലെത്തിയിട്ടില്ലെന്ന് ഉമ്മ മറുപടി നല്‍കി. റംഷീദ് എത്തിയാല്‍ ഉടന്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് അഫ്‌സല്‍ മടങ്ങിപ്പോയത്.

രാത്രി വളരെ വൈകിയിട്ടും റംഷീദ് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ അഫ്‌സലിനെയും മറ്റുചില ബന്ധുക്കളെയും ഫോണില്‍ ബന്ധപ്പെട്ടു. ഈ സമയം രാത്രി നല്ല മഴയും ഇടിയും ഉണ്ടായിരുന്നതിനാല്‍ പലരും ഫോണ്‍ എടുത്തില്ല.
ഏതാണ്ട് രാത്രി 11.30 മണിയോടെ അഫ്‌സലിന്റെ മറ്റൊരു സുഹൃത്തായ നബീല്‍ റംഷീദിന്റെ വീട്ടുകാരുടെ ഫോണ്‍ എടുക്കുകയും നബീലിനെ അഫ്‌സല്‍ ചിത്താരി പെട്രോള്‍ പമ്പില്‍ ഇറക്കിയതായും അവിടെ നിന്ന് ഖലീല്‍ എന്നയാള്‍ അഫ്‌സലിന്റെ കാറില്‍ കയറിയതായും നബീല്‍, അഫ്‌സലിന്റെ വീട്ടുകാരെ അറിയിച്ചു.
അഫ്‌സലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. ഏതാണ്ട് രാത്രി 11.45 മണിയോടെ റംഷീദിന്റെ ബാപ്പ കെ കെ മുഹമ്മദ് കുഞ്ഞിയുടെ സഹോദരന്റെ മകനായ നൗഷാദ് വീട്ടില്‍ വരുകയും ഉടന്‍ മന്‍സൂര്‍ ആശുപത്രിയിലേക്ക് പോകാന്‍ തന്റെ കൂടെ വരണമെന്ന് പറയുകയും ചെയ്തു.

അപ്പോള്‍ തന്നെ മുഹമ്മദ് കുഞ്ഞി നൗഷാദിന്റെ കൂടെ ആശുപത്രിയില്‍ എത്തിയപ്പോള്‍ റംഷീദിന്റെ മരണ വിവരമാണ് അറിയുന്നത്. പോലീസ് അപകട മരണത്തിന് അഫ്‌സലിനും ഖലീലിനുമെതിരെ കേസെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
റംഷീദ് കൊലചെയ്യപ്പെട്ടതാണെന്ന് ബാപ്പയും വീട്ടുകാരും ഉറച്ച് വിശ്വസിക്കുന്നു. ചിത്താരിയില്‍ നിന്നും അഫ്‌സലിന്റെ കൂടെ കാറിലാണ് റംഷീദ് കൊളവയലിലേക്ക് മടങ്ങിയത്. എന്നാല്‍ മകന്‍ ബൈക്ക് ഓടിക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടുവെന്നാണ് പോലീസ് പറഞ്ഞത്.
അപകടം നടന്ന രാത്രി തന്നെ തന്റെ ബന്ധുക്കള്‍ പലരും അപകടസ്ഥലത്ത് ചെന്നപ്പോള്‍ അപകടത്തില്‍ പെട്ടുവെന്ന് പറഞ്ഞ മോട്ടോര്‍ ബൈക്ക് അടുത്തുള്ള വീട്ടിലെ കാര്‍ഷെഡിന്റെ സമീപത്താണ് നിര്‍ത്തിയിട്ടിരുന്നത്. എന്തെങ്കിലും വിവരം ഈ സമയം പരിസരവാസികളെ അറിയിക്കാന്‍ ഇവര്‍ മെനക്കെട്ടില്ല. 

ബൈക്ക് ഇടിച്ചു എന്നു പറയപ്പെടുന്ന ഇലക്ട്രിക്ക് തൂണില്‍ നിന്നും ഏകദേശം 15 മീറ്റര്‍ ദൂരെയാണ് രക്തക്കറ കണ്ടത്.
ഇലക്ട്രിക് പോസ്റ്റിന് താഴെ ഭാഗത്ത് ചെറിയഒരു പൊട്ടല്‍ മാത്രമാണ് കണ്ടതെന്ന് റംഷീദിന്റെ പിതാവ് പറയുന്നു. റംഷീദും അഫ്‌സലും തമ്മില്‍ വിരോധത്തിലായിരുന്നു. അഫ്‌സലിന്റെ സുഹൃത്ത് ഫസലുദ്ദീന്‍ തന്റെ മകനെ അടിച്ചതിനു ശേഷം അഫ്‌സലുമായി തന്റെ മകന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
ഒക്‌ടോബര്‍ 15 ന് വൈകിട്ട് തന്റെ മകനെ കരുതിക്കൂട്ടിക്കൊല്ലുവാന്‍ വേണ്ടിയാണ് അഫ്‌സല്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി തന്റെ മകന്‍ കൊല്ലപ്പെട്ടതാണെന്നും മുഹമ്മദ് കുഞ്ഞി വിശദീകരിക്കുന്നു. തന്റെ മകന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഹമ്മദ് കുഞ്ഞി മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.


Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.