കാസര്‍കോട്: വന്യജീവികളുടെ ആക്രമണത്തില്‍ നിന്ന് സ്വയരക്ഷയ്ക്കുവേണ്ടി തോക്ക് ഉള്‍പ്പെടെയുളള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം അടുത്ത കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വനം- പരിസ്ഥിതി വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് വനശ്രീ ഫോറസ്റ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
വന്യജീവികളുടെ ആക്രമണത്താല്‍ ജനജീവിതം വിഷമകരമാകുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ഉയരുന്നുണ്ട്. 1972ലെ വനം പരിസ്ഥിതി നിയമപ്രകാരം ഇതിനെതിരെ സ്വീകരിക്കാവുന്ന നടപടികളും നിയന്ത്രണങ്ങളും ഉണ്ട്. വന്യജീവിയില്‍ നിന്ന് ജീവഹാനി നേരിടുന്ന സാഹചര്യത്തില്‍ തോക്ക് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യത്തിലും നിയന്ത്രണമുണ്ട്. തോക്ക് ഉപയോഗിക്കുന്നതിനു മുമ്പ് അനുമതി വാങ്ങണമെന്ന നിര്‍ബന്ധമാണിത്. ഇക്കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. മനുഷ്യജീവന് സംരക്ഷണം നല്‍കുന്നത് ഉറപ്പാക്കുന്നതിലേക്കായി ഭേദഗതി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ വന്യജീവികളെ നിയന്ത്രിക്കുന്നതിനായി സോളാര്‍ ഫെന്‍സിംഗ് ഏര്‍പ്പെടുത്തുന്നതിന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സോളാര്‍ ഫെന്‍സിംഗ് ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാനത്താകെ 259 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 14 കോടി രൂപയാണ് വനംവകുപ്പിന് ഇതേവരെയായി ലഭിച്ചത്. ശേഷിക്കുന്ന തുക കൂടി ലഭിക്കുന്നതോടെ വന്യജീവികള്‍ ജനവാസ മേഖലകളില്‍ പ്രവേശിക്കുന്നത് തടയുന്നതിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിലേക്കായി അവധിക്കാല ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
എംഎല്‍എ മാരായ പിബി അബ്ദുള്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവ മാസ്റ്റര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉത്തരമേഖലാ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.കെ കേശവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോഷ്യല്‍ ഫോറസ്ട്രി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ് ഡോ. ബിഎസ് കോറി സ്വാഗതവും സോഷ്യല്‍ ഫോറസ്ട്രി ചീഫ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment