Latest News

ഖാദര്‍ മാങ്ങാടിനെ തടഞ്ഞു; എം.എസ്.എഫ്. പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജില്‍ പരിക്ക്‌

കണ്ണൂര്‍: സര്‍വ്വകലാശാല വൈസ് ചാന്‍സലറെ റോഡില്‍ തടഞ്ഞ എം.എസ്.എഫ് പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

തിങ്കളാഴ്ച രാവിലെ താവക്കരയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് കാറില്‍ വരികയായിരുന്ന വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാടിനെ സെന്‍ട്രല്‍ അവന്യൂ പരിസരത്ത് തടയുകയായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ട് ചാന്‍സലറുടെ ഇന്നോവ കാറിന് നേരെ ഇരുപതോളം എം.എസ്.എഫ് പ്രവര്‍ത്തകര്‍ ചാടിവീണു. 

പുറത്തിറങ്ങാന്‍ പോലുമാകാതെ വി.സിക്ക് ഏറെനേരം കാറില്‍ കഴിയേണ്ടിവന്നു. വിവരമറിഞ്ഞ് ടൗണ്‍ പോലീസ് എത്തി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുമായി ഉന്തും തള്ളും പിടിവലിയുമായതോടെയാണ് ലാത്തിവീശിയത്. മുഴുവന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വി.സിക്ക് സര്‍വ്വകലാശാലയിലെത്താനായത്. 


എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പെരുവണ, ജില്ലാ ഭാരവാഹികളായ ഷുഹൈബ് കൊതേരി, സി.കെ. നജാസ്, യഹ്‌യ, ബാഷിത്ത്, ഫസല്‍, ജാബിര്‍, സിറാജ്, സുഹൈര്‍, മുഫലീസ് കല്ലായ് തുടങ്ങിയവരാണ് അറസ്റ്റിലായത്. അതിനിടെ ജില്ലാ വൈസ് പ്രസിഡണ്ട് ഷുഹൈബ് കൊതേരിക്കും മാലൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അഫ്‌സലിനുമാണ് പരിക്കേറ്റത്. 

എല്ലാ സര്‍വ്വകലാശാലകളുടെയും ബിരുദ കോഴ്‌സുകള്‍ വിജയിക്കുന്നവര്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുക, 2014 ഏപ്രിലില്‍ നടന്ന എം.കോം പരീക്ഷയില്‍ ഉണ്ടായ കൂട്ടത്തോല്‍വിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വി.സിയെ വഴിയില്‍ തടഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇതേ ആവശ്യം ഉന്നയിച്ച് സര്‍വ്വകലാശാല ആസ്ഥാനം ഉപരോധിച്ചിരുന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.