Latest News

മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണം: സി.പി.എം

പെര്‍ള: ഉക്കിനടുക്കയില്‍ ആരംഭിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് സിപിഐ എം കുമ്പള ഏരിയാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് പ്രഖ്യാപിച്ച മൂന്ന് മെഡിക്കല്‍ കോളേജില്‍ രണ്ടെണ്ണം പൂര്‍ത്തിയായിട്ടും കാസര്‍കോടേത് തറക്കല്ലില്‍ ഒതുങ്ങിയിരിക്കുകയാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന പ്രതിഷേധാര്‍ഹമാണ്. 

എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരവസ്ഥകൂടി പരിഗണിച്ച് പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് നിര്‍മാണ കാര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ക്രൂരതയാണ്. തറക്കല്ലിട്ട് ഒരുവര്‍ഷമായിട്ടും നിര്‍മാണ പ്രവര്‍ത്തനം തുടങ്ങാത്തത് കാസര്‍കോടിനോടുള്ള വഞ്ചനയാണ്. മെഡിക്കല്‍ കോളേജ് യഥാര്‍ഥ്യമാക്കാന്‍ വേഗത്തിലുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് സമ്മേളനം മുന്നറിയിപ്പ് നല്‍കി. 

ഏരിയാസമ്മേളനം പെര്‍ളയിലെ എം ദാസപ്പഷെട്ടി നഗറില്‍ തുടങ്ങി. എം രാമചന്ദ്ര ഗെട്ടി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. സി എ സുബൈര്‍ രക്തസാക്ഷി പ്രമേയവും പി ഇബ്രാഹിം അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി രഘുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എം വി കോമന്‍ നമ്പ്യാര്‍, എം വി ബാലകൃഷ്ണന്‍, സി എച്ച് കുഞ്ഞമ്പു, ജില്ലാകമ്മിറ്റി അംഗം എ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയര്‍മാന്‍ കെ രാമകൃഷ്ണറൈ സ്വാഗതം പറഞ്ഞു.
എം രമാനാഥറൈ, വി വാസു, കെ ശാലിനി, പി മഹമൂദ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. പി ഇബ്രാഹിം (മിനുട്‌സ്), ഡി സുബ്ബണ്ണ ആള്‍വ (പ്രമേയം), എം ശങ്കര്‍റൈ (ക്രഡന്‍ഷ്യല്‍), പി കെ മഞ്ചുനാഥ (രജിസ്‌ട്രേഷന്‍) എന്നിവര്‍ കണ്‍വീനര്‍മാരായി മറ്റു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
വെള്ളിയാഴ്ച ബഹുജന റാലിയോടെ സമ്മേളനം സമാപിക്കും. പെര്‍ള കൈക്കമ്പ കേന്ദ്രീകരിച്ച് വൈകിട്ട് നാലിന് റെഡ്‌വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ആരംഭിക്കും. പെര്‍ള ടൗണിലെ പി മുരളി നഗറില്‍ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.