Latest News

ആവേശമായി ആയിരങ്ങള്‍: നീലേശ്വരം ഏരിയാസമ്മേളനം സമാപിച്ചു

നീലേശ്വരം: ചരിത്രമുറങ്ങുന്ന നീലേശ്വരത്തിന്റെ രാജവീഥികളെ പുളകിതമാക്കി ആയിരങ്ങള്‍ അണിനിരന്ന മഹാപ്രകടനത്തോടെ സിപിഐ എം നീലേശ്വരം ഏരിയാസമ്മേളനത്തിന് ഉജ്വല സമാപനം.

കോണ്‍വന്റ് ജങ്ഷനില്‍നിന്ന് ചുവപ്പ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആരംഭിച്ച പ്രകടനം നഗരത്തെ ചെങ്കടലാക്കി മുന്നേറിയപ്പോള്‍ വിപ്ലവഭൂമിയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തിന്റെ വിളംബരമായി. കുപ്രചാരണങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത മഹാശക്തിയാണ് നീലേശ്വരത്തെ തൊഴിലാളിവര്‍ഗ പാര്‍ടിയെന്ന പ്രഖ്യാപനവുമായാണ് ആയിരങ്ങള്‍ രക്തപതാകയുമേന്തി പ്രകടനത്തില്‍ അണിനിരന്നത്.


1-ാം പാര്‍ടി കോണ്‍ഗ്രസിനെ അനുസ്മരിപ്പിച്ച് രക്തപതാകയേന്തിയ 21 വനിതകള്‍ പ്രകടനത്തിന്റെ മുന്‍നിരയില്‍ നീങ്ങി. വിവിധ ലോക്കലുകളുടെ ബാനറിലാണ് പ്രവര്‍ത്തകര്‍ അണിനിരന്നത്. വളണ്ടിയര്‍ മാര്‍ച്ചിന്റെ ബാന്‍ഡ്സംഘവും വിവിധ വാദ്യമേളങ്ങളും നാടന്‍കലാരൂപങ്ങളും വേഷങ്ങളും അണിനിരന്നതോടെ പ്രകടനം വര്‍ണാഭമായി. 

വിലക്കയറ്റത്തിനും വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുമെന്ന് ആയിരങ്ങള്‍ ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞു. ദേശീയപാതയിലെ മാര്‍ക്കറ്റില്‍ പ്രത്യേകം തയ്യാറാക്കിയ അഡ്വ. കെ പുരുഷോത്തമന്‍ നഗറില്‍ പൊതുസമ്മേളനം സംസ്ഥാനകമ്മിറ്റി അംഗം എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 


ഏരിയാസെക്രട്ടറി ടി കെ രവി അധ്യക്ഷനായി. ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എ കെ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യമത്സര വിജയികള്‍ക്കുള്ള സമ്മാനം കെ കുഞ്ഞിരാമന്‍ എംഎല്‍എ വിതരണം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

പാലായി കെ എം കുഞ്ഞിക്കണ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനത്തില്‍ ചൊവ്വാഴ്ച രാവിലെ പൊതുചര്‍ച്ചക്ക് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രനും ഏരിയാസെക്രട്ടറി ടി കെ രവിയും മറുപടി പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമന്‍ എംഎല്‍എ, എ കെ നാരായണന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എം വി കോമന്‍നമ്പ്യാര്‍, സി എച്ച് കുഞ്ഞമ്പു, കെ ബാലകൃഷ്ണന്‍, പി ജനാര്‍ദനന്‍, എം രാജഗോപാലന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. എം രാജന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 


പുതിയ ഏരിയാകമ്മിറ്റിയേയും ജില്ലാസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്താണ് രണ്ടുദിവസത്തെ പ്രതിനിധിസമ്മേളനം അവസാനിച്ചത്. പ്രസീഡിയത്തിനുവേണ്ടി സി പ്രഭാകരനും സംഘാടകസമിതിക്കുവേണ്ടി കെ വി കുഞ്ഞികൃഷ്ണനും നന്ദി പറഞ്ഞു. കെ വി ദാമോദരന്‍ രചിച്ച് കെ പി ആര്‍ സുരേഷ് സംഗീത സംവിധാനം നിര്‍വഹിച്ച സ്വാഗതഗാനം നീലേശ്വരം ഏരിയയിലെ കലാകാരന്മാര്‍ ആലപിച്ചു. വയലാര്‍ വിപ്ലവ ഗായിക റെഡ്സല്യൂട്ട് വിപ്ലവഗാനവും ആലപിച്ചു. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.