Latest News

ആബിദിനെ കുത്തിയത് പിതാവിന്റെ കണ്‍മുന്നില്‍ വെച്ച്; 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡ് തൗഫീഖ് മന്‍സിലിലെ സൈനുല്‍ ആബിദി (22) നെ അക്രമികള്‍ കുത്തികൊന്നത് പിതാവിന്റെ കണ്‍മുന്നില്‍ വെച്ച്‌. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ചക്കര ബസാനിടുത്തുളള എം.ജി റോഡിലെ മുസ്ലിം ലീഗ് ഓഫീസിന് താഴത്തെ ഫര്‍ണിച്ചര്‍ കട അടയ്ക്കാനുളള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയില്‍ ആദ്യം നാല് പേരും പിന്നെ ഒരാളും കടയില്‍ കയറി വന്ന് ആബിദിനെ തള്ളിയിട്ടു. പിതാവ് മുഹമ്മദ് കുഞ്ഞിയുടെ മേല്‍ വീണ ആബിദിനെ അക്രമികള്‍ പിന്നീട് കുനിച്ചു നിര്‍ത്തി കുത്തുകയായിരുന്നുവെന്നും അതിന് ശേഷം പള്ളം ഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നുവെന്നും പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 

കൊലയുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് എസ്.ഐ എം. രാജേഷ് കേസെടുത്തത്.
അക്രമികളെ കണ്ടാല്‍ തിരിച്ചറിയാം. എല്ലാവരും യുവാക്കളാണ്. ഒരാള്‍ മുണ്ടായിരുന്നു ഉടുത്തിരുന്നതെന്നും പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതിനിടെ കൊലപാതകം നടന്ന ഫര്‍ണിച്ചര്‍ കടയുടെ പരിസരത്ത് നിന്ന് കുത്താനുപയോഗിച്ച ചോര പുരണ്ട കത്തിയും കൊലയാളികളില്‍ ഒരാളുടേതെന്ന് സംശയിക്കുന്ന ഒറ്റ ചെരിപ്പും പോലീസ് കണ്ടെടുത്തു.
പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കാസര്‍കോട് ഡി.വൈ.എസ്.പി ടി.പി. രഞ്ജിത്ത് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് ചക്കര ബസാര്‍ റോഡിലൂടെ മൂന്നു ബൈക്കുകളിലായി ആറു പേര്‍ കറങ്ങുന്നത് കണ്ടതായി ചിലര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

കൊല നടന്ന സ്ഥലത്തെത്തി ചൊവ്വാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. കണ്ണൂരില്‍ നിന്നെത്തിയ കെ. ദീപേഷ്, എ.ബി. ശശിധരന്‍ എന്നിവരാണ് തെളിവുകള്‍ ശേഖരിച്ചത്. കൊലപാതകം നടന്ന സ്ഥലത്ത് കാണപ്പെട്ട രക്തക്കറയും മറ്റും ഇവര്‍ പരിശോധിച്ചു.
പരിയാരം മെഡിക്കല്‍ കേളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
ഇന്‍ക്വസ്റ്റ് ചെയ്യാനായി ജില്ലയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ പരിയാരത്തേക്ക് പോയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം ഉച്ചയ്ക്ക് മുമ്പായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തളങ്കര മാലിക് ദീനാറില്‍ എത്തിക്കും. കുളിപ്പിച്ച് കഫംചെയ്ത ശേഷം അവിടെതന്നെ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുയി മൃതദേഹം കുടുംബാംഗങ്ങളെ കാണിച്ചശേഷം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


ആബിദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.

താലൂക്കില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ ഓടുന്നില്ല. എന്നാല്‍ ചില സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കനത്ത പോലീസ് സന്നാഹം താലൂക്കിന്റെ പലഭാഗത്തും നിലയുറപ്പിച്ചിട്ടുണ്ട്.


ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ നഗരത്തില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം, മണ്ഡലം പ്രസിഡന്റ് ഫൈസല്‍, വൈ. മുഹമ്മദ് കുഞ്ഞി, ഖാദര്‍ അറഫ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.