Latest News

റംഷീദിന്റെ മരണം: അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറി ആഭ്യന്തരമന്ത്രി ഉത്തരവിട്ടു

കാഞ്ഞങ്ങാട്: അജാനൂര്‍ ഇഖ്ബാല്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന കെ കെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പ്രത്യേക ഏജന്‍സിക്ക് കൈമാറി. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കണ്ണൂര്‍ ഡി ഐ ജിക്ക് മന്ത്രി നിര്‍ദ്ദേശം രേഖാമൂലം കൈമാറുകയും ചെയ്തു. 

റംഷീദിന്റെ മരണത്തിലെ ദുരൂഹത അകറ്റാന്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, കാഞ്ഞങ്ങാട് മണ്ഡലം ജനറല്‍ സെക്രട്ടറി എം പി ജാഫര്‍, കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ പി കെ മുഹമ്മദ് കുഞ്ഞി, യൂത്ത് ലീഗ് നേതാക്കളായ ഷംസുദ്ദീന്‍ കൊളവയല്‍, നൗഷാദ് കൊത്തിക്കാല്‍ എന്നിവര്‍ തിരുവനന്തപുരത്ത് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഈ നിവേദനം പരിഗണിച്ച മന്ത്രി അന്വേഷണത്തിന് പ്രത്യേക ഏജന്‍സിയെ നിയോഗിക്കാന്‍ കണ്ണൂര്‍ ഡി ഐ ജിക്ക് രേഖാമൂലം നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതിനിടെ റംഷീദ് കൊല ചെയ്യപ്പെട്ടതാണെന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും പരാതി ഗൗരവത്തിലെടുത്ത പോലീസ് സംഭവ ദിവസം റംഷീദിനോടൊപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ അഫ്‌സല്‍, അഫ്‌സലിന്റെ സുഹൃത്ത് ഖലീല്‍ എന്നിവരെ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും വെച്ച് വിശദമായി ചോദ്യം ചെയ്തു.
സംഭവ ദിവസം റംഷീദും സുഹൃത്തുക്കളും സഞ്ചരിച്ച കാറും മോട്ടോര്‍ ബൈക്കും ഹൊസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. റംഷീദിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. റംഷീദിന്റെ കൂടെയുണ്ടായിരുന്ന അഫ്‌സലിനും ഖലീലിനും പുറമെ മറ്റുചിലരെ കൂടി പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ പുറത്ത് വന്ന സംശയങ്ങള്‍ പോലീസ് വിശദമായി ചികഞ്ഞ് പരിശോധിച്ച് വരികയാണ്. ഒക്‌ടോബര്‍ 16 ന് അര്‍ദ്ധ രാത്രിയിലാണ് റംഷീദ് മരണപ്പെട്ടത്. ഇതിന് തലേന്ന് വൈകുന്നേരം അഫ്‌സല്‍ റംഷീദിനെ വീട്ടിലെത്തി പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. റംഷീദ് വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് പോലീസ് ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ ബന്ധുക്കള്‍ ഇത് മുഖവിലക്കെടുക്കുന്നില്ല. 

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ റംഷീദിന്റെ പിതാവ് മുഹമ്മദ് കുഞ്ഞിയും ബന്ധുക്കളും റംഷീദ് കൊല്ലപ്പെട്ടതാണെന്ന് ആരോപിച്ചിരുന്നു.

 ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, പ്രിന്‍സിപ്പള്‍ എസ് ഐ കെ ബിജുലാല്‍ തുടങ്ങിയവര്‍ റംഷീദിന്റെ മൃതദേഹം കണ്ടെത്തിയ ചിത്താരിക്കടുത്ത മുക്കൂട് ജീലാനി മസ്ജിദ് പരിസരം സന്ദര്‍ശിച്ച് തെളിവുകള്‍ പരിശോധിച്ചിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.