Latest News

അഭിലാഷ്: കര്‍മ്മ സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളി പത്താംതരം വിദ്യാര്‍ത്ഥിയും കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ മത്സ്യബന്ധന തൊഴിലാളി സുരേഷിന്റെയും മിനിയുടെയും മകനുമായ അഭിലാഷ് എന്ന പതിനഞ്ചുകാരന്റെ മരണത്തെ കുറിച്ച് നിലനില്‍ക്കുന്ന ദുരൂഹത അകറ്റാന്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടും അഭിലാഷിന്റെ നിര്‍ദ്ധന കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കര്‍മ്മ സമിതി ഭാരവാഹികള്‍ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെയും നേരില്‍ കണ്ട് നിവേദനം നല്‍കി. 

കര്‍മ്മ സമിതി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, കണ്‍വീനര്‍ അഡ്വ. പ്രദീപ് ലാല്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡണ്ട് കൊവ്വല്‍ ദാമോദരന്‍, മീനാപ്പീസ് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കെ ടി അബ്ദുള്‍ റഹ്മാന്‍ ഹാജി, വാര്‍ഡ് കൗണ്‍സിലര്‍ പി കെ മുഹമ്മദ് കുഞ്ഞി, അജാനൂര്‍ കുറുംബ ഭഗവതി ക്ഷേത്രം കമ്മിറ്റിയംഗം വേണു, സി പി ഐ നേതാവ് ബാബുരാജ്, മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം പി ജാഫര്‍, സി പി എം ഹൊസ്ദുര്‍ഗ് ലോക്കല്‍ സെക്രട്ടറി എ വി രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് രാവിലെ ആദ്യം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടത്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഇവരോടൊപ്പമുണ്ടായിരുന്നു.
നിവേദനം സ്വീകരിച്ച മന്ത്രി അഭിലാഷിന്റെ മരണത്തിന് പിന്നില്‍ ജനങ്ങള്‍ക്കിടയില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്നും നിവേദന സംഘത്തെ അറിയിച്ചു. 

ഇതിനിടയില്‍ ക്രൈംബ്രാഞ്ച് എഡിജിപി അനന്ത കൃഷ്ണനെ തന്റെ ഓഫീസില്‍ വിളിപ്പിച്ച് മന്ത്രി രമേശ് ചെന്നിത്തല അന്വേഷണം നല്ലൊരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തന്നെ നടത്താനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
പിന്നീട് ഉദുമ എം എല്‍ കെ കുഞ്ഞിരാമന്‍ , ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി കൂടിയായ ടി വി രാജേഷ് എം എല്‍ എ എന്നിവരോടൊപ്പം ഇ ചന്ദ്രശേഖരന്‍ എം എല്‍ എയുടെ നേതൃത്വത്തിലുള്ള കര്‍മ്മ സമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് അഭിലാഷിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനംസമര്‍പ്പിച്ചു. നീതി പൂര്‍വ്വ നിഷ്പക്ഷവുമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിലാഷിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കുന്ന കാര്യം യുക്തി പൂര്‍വ്വം പരിഗണിക്കുമെന്ന് നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.
അതിനിടെ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയല്‍ ഹൊസ്ദുര്‍ഗ് പോലീസ് കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഹര്‍ട് ആന്റ് ഹോമിസൈഡ് വിംഗ് എസ് പി രാമചന്ദ്രന്് കൈമാറി. ഇനി കേസ് അന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കും.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.