Latest News

വ്യാജ രേഖ നിര്‍മ്മാണം; കൂടുതല്‍പേര്‍ പ്രതികളാകും

കാഞ്ഞങ്ങാട്: വ്യാജ പാസ്‌പോര്‍ട്ടുകളും നിരവധി അനധികൃത സര്‍ട്ടിഫിക്കറ്റുകളുമായി കഴിഞ്ഞ ദിവസം പോലീസ് പിടിയിലായകാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിനടുത്തുള്ള പി രമേശനുമായി ബന്ധമുള്ള 20ഓളം പേരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു.

രമേശനുമായി അനധികൃത ഇടപാടുകള്‍ നടത്തി വരുന്ന സംഘത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകുമെന്ന് ഉറപ്പായി. 

കാസര്‍കോട് ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വ്യാജപാസ്‌പോര്‍ട്ട്-കള്ളനോട്ട് മാഫിയ സംഘങ്ങള്‍ക്കു വേണ്ടിയും നിയമ വിരുദ്ധമായ മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടിയും വ്യാജ രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന ജോലിയിലാണ് രമേശന്‍ നാളിതുവരെ ഏര്‍പ്പെട്ടുകൊണ്ടിരുന്നത്.
മുത്തപ്പനാര്‍ കാവിനടുത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ തന്നെ ഇതിനായി രമേശന്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍, വിവിധ സര്‍വ്വകലാശാലകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സ്, സീലുകള്‍ എന്നിവയാണ് വ്യാഴാഴ്ച വൈകുന്നേരം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.
പാസ്‌പോര്‍ട്ടുകളും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളുമെല്ലാം വ്യാജമായി നിര്‍മ്മിക്കുന്നതിന് തന്നെ സമീപിച്ചവരെ കുറിച്ചും താന്‍ ഉള്‍പ്പെടുന്ന ഗൂഡ സംഘത്തെ കുറിച്ചും രമേശന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ട്.
ഇവരില്‍ മതിയായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരെയൊക്കെ പ്രതിചേര്‍ക്കണമെന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. മുത്തപ്പനാര്‍കാവിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും അനധികൃത സര്‍ട്ടിഫിക്കറ്റുകളും പിടികൂടിയ സംഭവത്തിന്റെ തുടര്‍ അന്വേഷണ ചുമതല എസ്പി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായകിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. 

അന്വേഷണം കാസര്‍കോട് ജില്ലയ്ക്ക് പുറമെ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായി സൈബര്‍സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. റിമാന്‍ഡില്‍ കഴിയുന്ന രമേശനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് അടുത്ത ദിവസം തന്നെ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹരജി നല്‍കും.
രമേശനുമായി ബന്ധമുള്ള കാസര്‍കോട് ജില്ലയിലെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇടനിലക്കാരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. ആവശ്യക്കാര്‍ക്ക് കൂടുതല്‍ തുകവാങ്ങി വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും മറ്റും വേഗത്തില്‍ നല്‍കുന്നതിന് രമേശന്റെ സഹായം തേടിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മാനേജ്‌മെന്റുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. 

കള്ളനോട്ട് ഇടപാടുകളുമായി ബന്ധപ്പെട്ട സംഘങ്ങളുടെ പേര് വിവരങ്ങളും രമേശന്റെ മൊഴിയിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.