Latest News

ആരിക്കാടിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് തീയിട്ടു.

കുമ്പള: ആരിക്കാടിയില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് തീയിട്ടു. ആരിക്കാടി സി.കെ. നഗറിലെ മുഹമ്മദ് ബപ്പങ്കയുടെ ഇരുനില കോണ്‍ക്രീറ്റ് വീടിനാണ് തീയിട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് തീകത്തുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അണച്ചതിനാല്‍ തീ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല.

ഗ്രില്‍സിനിടയിലൂടെ മണ്ണെണ്ണയൊഴിച്ച് തീയിട്ടതാണെന്ന് സംശയിക്കുന്നു. വീട്ടുകാര്‍ യഥാസമയം ഉണര്‍ന്നു തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. മുസ്ലിം ലീഗ് ആരിക്കാടി വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടും ജില്ലാ കൗണ്‍സിലറുമാണ് മുഹമ്മദ് ബപ്പങ്ക.

വീട്ടുപരിസരത്ത് നിന്ന് മൂന്നംഗ സംഘം ഓടിമറയുന്നത് കണ്ടതായി പരിസര വാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേ സമയം മുഹമ്മദിന്റെ വീട്ടുകാര്‍ ഒരാളെ ഓടിമറയുന്നത് കണ്ടതായും പറയുന്നു.

ഒരാഴ്ച മുമ്പ് ആരിക്കാടി കടപ്പുറത്ത് നിന്ന് 15 ലോഡ് അനധികൃത പൂഴി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടത്താനായി സൂക്ഷിച്ചതായിരുന്നു മണല്‍. മുഹമ്മദിന്റെ ബന്ധുവായ ഒരാള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൂഴി കസ്റ്റഡിയിലെടുത്തതെന്ന പ്രചരണമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലം മണല്‍മാഫിയയാണ് വീടിന് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുഹമ്മദ് നല്‍കിയ പരാതിയില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.