Latest News

കാറില്‍ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി വ്യാപാരിയുടെ രണ്ടരലക്ഷം രൂപ കവര്‍ന്നു

കാസര്‍കോട്: തിരുവനന്തപുരം സ്വദേശിയായ വ്യാപാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി തോക്കുചൂണ്ടിയും കത്തികാണിച്ചും ഭീഷണിപ്പെടുത്തി രണ്ടര ലക്ഷം രൂപയും 35,000 രൂപ വിലവരുന്ന വാച്ചും തട്ടിയെടുത്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.

വ്യാപാരിയായ തിരുവനന്തപുരം മണക്കാട്ടെ നിസാമി (38)നെയാണ് ഡിസംബര്‍ 16ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പത്രത്തില്‍ പരസ്യം നല്‍കി വിദേശ ഉല്‍പന്നങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്ന ജോലിയും നിസാമിനുണ്ട്.

സംഭവത്തെ കുറിച്ചു നിസാം നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ: പരസ്യം കണ്ട് കാസര്‍കോട്ട് നിന്ന് ഒരാള്‍ വിളിച്ചതിനെ തുടര്‍ന്നു കാസര്‍കോട്ട് എത്തിയപ്പോഴാണ് താന്‍ കൊള്ളയടിക്കപ്പെട്ടത്. 16നു വൈകുന്നേരം 4.30ന് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് നാല് പേര്‍ അടങ്ങുന്ന സംഘം തന്നെ കാറില്‍ കയറ്റി കൊണ്ടുപോയി. മുന്‍സീറ്റിലും പിന്‍സീറ്റിലുമായി നാലു പേരാണ് ഉണ്ടായിരുന്നത്. കാര്‍ പല സ്ഥലങ്ങളിലും കറങ്ങി. ഈ സമയത്ത് സംഘത്തിലെ ഒരാള്‍ തോക്കുചൂണ്ടി. മറ്റൊരാള്‍ വയറ്റില്‍ കത്തിമുനയും ചേര്‍ത്ത്് ഭീഷണിപ്പെടുത്തുകയും ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും കൈവശം ഉണ്ടായിരുന്ന 2,45,000 രൂപയും 35,000 രൂപ വിലയുള്ള റോളക്‌സ് വാച്ചും സംഘം കൈക്കലാക്കുകയായിരുന്നു. പിന്നീട് രാത്രി എട്ടുമണിയോടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച് മംഗലാപുരത്തേക്കുള്ള ബസില്‍ കയറ്റി. വഴിയില്‍ ഇറങ്ങിയാല്‍ കൊല്ലുമെന്നും ഞങ്ങള്‍ പിന്തുടരുന്നുണ്ടെന്നും സംഘം പറഞ്ഞു. അതിനാല്‍ വഴിയില്‍ എവിടെയും ഇറങ്ങാതെ താന്‍ മംഗലാപുരത്ത് എത്തുകയും ട്രെയിന്‍ മാര്‍ഗംം തിരുവനന്തപുരത്ത് എത്തുകയുമായിരുന്നു.

സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പോലീസ് പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.