Latest News

പഴകിപ്പൊട്ടിയ സ്വര്‍ണാഭരണ കഷണങ്ങള്‍ 22 നിര്‍ധന യുവതികള്‍ക്ക് നല്‍കിയത് മംഗല്യജീവിതം.

കോട്ടയം: പഴകിപ്പൊട്ടിയ സ്വര്‍ണാഭരണ കഷണങ്ങള്‍ 22 നിര്‍ധന യുവതികള്‍ക്ക് നല്‍കിയത് മംഗല്യജീവിതം. ഫാ. പോളിന്‍െറ നേതൃത്വത്തില്‍ വേളൂര്‍ ഗ്രാമം ഒത്തു ചേര്‍ന്നപ്പോള്‍ പുളിനാക്കല്‍ പള്ളിയില്‍ ഞായറാഴ്ച നടന്ന സമൂഹ വിവാഹത്തിലൂടെ 22 യുവതി-യുവാക്കള്‍ പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചു.

ഒട്ടേറെ നിര്‍ധന യുവതി-യുവാക്കള്‍ സാമ്പത്തിക പരാധീനത മൂലം കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടാണ് ഫാ. പോള്‍ സമൂഹവിവാഹത്തിന് മുന്‍കൈ എടുത്തത്. പഴകി പൊട്ടിയതും ഉപയോഗിക്കാതിരിക്കുന്നതുമായ ആഭരണാവശിഷ്ടങ്ങളാണ് ഇതിനായി ഇടവക വികാരിയായ ഫാ. പോള്‍ ആവശ്യപ്പെട്ടത്. മുത്തശ്ശിമാര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ പിറ്റേന്ന് മുതല്‍ ആഭരണാവശിഷ്ടങ്ങളുമായി എത്തി.

സ്വര്‍ണാഭരണങ്ങളുടെ പൊട്ടിയ കഷണങ്ങള്‍ ഉള്‍പ്പെടെ സംഭാവനകള്‍ ചേര്‍ത്ത് വധൂവരന്മാര്‍ക്കുള്ള ആഭരണങ്ങളും വിവാഹച്ചെലവിനുള്ള പണവും കണ്ടത്തെുകയായിരുന്നു. ലക്ഷം രൂപയും അഞ്ചു പവനും നല്‍കിയാണ് ഓരോ യുവതിയെയും കതിര്‍മണ്ഡപത്തിലേക്ക് നയിച്ചത്. കല്യാണ സാരികള്‍ പുളിമൂട്ടില്‍ സില്‍ക്സ് നല്‍കി. നൂറോളം അപേക്ഷകളില്‍നിന്നാണ് 22 പേരെ കണ്ടത്തെിയത്. തനിക്ക് സമ്മാനമായി ലഭിച്ച കാറുകൊണ്ട് 15 പേരുടെ വിവാഹ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച ചരിത്രവും ഫാ. പോള്‍ ചാലാവീട്ടിലിനുണ്ട്.

പുളിനാക്കല്‍ പള്ളിയും ഗ്വാഡാലുപ്പമാതാ പ്രയര്‍ ഗ്രൂപ്പും ചേര്‍ന്നാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. കുര്‍ബാന മധ്യേ മോണ്‍. മാത്യു വെള്ളാനിക്കല്‍ വിവാഹങ്ങള്‍ ആശീര്‍വദിച്ചു. വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ.ടി. തോമസ്, സഖറിയാസ് മാര്‍ പീലക്സിനോസ്, ജില്ലാ പൊലീസ് മേധാവി എം.പി. ദിനേശ്, മുന്‍ എം.പി വക്കച്ചന്‍ മറ്റത്തില്‍, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.പി. സന്തോഷ്കുമാര്‍, പി.യു. തോമസ്, ജിനു കുളത്തട്ടില്‍ എന്നിവര്‍ സംസാരിച്ചു.

വിവാഹം കഴിഞ്ഞ് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാരെ യോഗത്തില്‍ ആദരിച്ചു. വിവാഹ സഹായധനത്തിനായി ആഴ്ചയില്‍ ഒരു ദിവസം മംഗല്യ ഭാഗ്യക്കുറി തുടങ്ങണമെന്ന് ആവശ്യപ്പെട്ടുള്ള ഭീമഹരജി മന്ത്രിക്ക് നല്‍കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.