Latest News

പഴവും, ഭരണഘടനയും അയച്ചു കൊടുത്ത് പ്രതിഷേധിക്കാന്‍ ചുംബന സമരക്കാരുടെ ആഹ്വാനം

കോഴിക്കോട്: ചുംബന സമരത്തെ നേരിട്ട ഹനുമാന്‍ സേനക്കാരുടെ ഓഫിസിലേക്ക് പഴവും, സമരക്കാര്‍ക്കെതിരെ പ്രസ്താവന നടത്തിയ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഭരണഘടനയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളും അയച്ചു കൊടുത്ത് പ്രതിഷേധിക്കാന്‍ ഫെയ്‌സ്ബുക്ക് പേജില്‍ കിസ് ഓഫ് ലൗവിന്റെ ആഹ്വാനം. 

അടുത്ത ഏഴു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ തപാല്‍ സമരം. പഴവും ഭരണഘടനയും അയക്കേണ്ട വിലാസവും പേജില്‍ നല്‍കിയിട്ടുണ്ട്.

പേജിലെ കുറിപ്പ് ഇങ്ങനെ: കോഴിക്കോട് നഗരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു നടന്ന് സമരക്കാരെയും യാത്രക്കാരെയും ഉപദ്രവിക്കുകയും ആക്രോശിക്കുകയും ചെയ്ത വാനരന്‍മാരെ നിങ്ങള്‍ മാധ്യമങ്ങളില്‍ നേരിട്ടു കണ്ടുകാണും. രാത്രിയായപ്പോള്‍ ഇരുട്ടിന്റെ മറപറ്റി എങ്ങോ പോയ്മറഞ്ഞ അവര്‍ തിരികെ വനാന്തരങ്ങളിലെത്തി എന്നു കരുതാം. ഭക്ഷണം കിട്ടാതെയാവണം നാട്ടുകാരുടെ സൈ്വര്യജീവിതം തടസപ്പെടുത്തി ഈ വന്യജീവികള്‍ നാട്ടിലിറങ്ങിയത്. 

വാനരരായി വേഷപ്രശ്ചന്നരാകുകയോ അതോ അവതരിച്ചോ നാട്ടിലിറങ്ങിയ സംഘപരിവാര്‍ 
സംഘടനകള്‍ക്ക് ഓരോ വാഴപ്പഴം വീതം അയച്ചു കൊടുക്കാം. വയറു നിറയെ കഴിക്കട്ടെ. അങ്ങനെ സമാധാനപരമായി സമരം ചെയ്യുന്നവരുടെ രക്തം തെരുവുകളില്‍ ചിന്തപ്പെടാതിരിക്കട്ടെ.
അതുപോലെ, സമരക്കാരെ അടിക്കുന്നവരെ തടയേണ്ടത് പൊലീസിന്റെ പണി അല്ലെന്നും അടി കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്നുമൊക്കെ പറഞ്ഞ് നിയമത്തെക്കുറിച്ചുള്ള തന്റെ അപാര പാണ്ഡിത്യം പ്രകടിപ്പിച്ച കമ്മിഷണര്‍ വായിച്ചു പഠിക്കാന്‍, ഈ നാട്ടിലെ കോടതികള്‍ ഉത്തരവിട്ട ചില സുപ്രധാന വിധിന്യായങ്ങളുടെയും ഭരണഘടനയുടെയും പകര്‍പ്പും ഒരു കവര്‍ ലെറ്റര്‍ സഹിതം അയച്ചു കൊടുത്ത് ഏതു നിയമം സംരക്ഷിക്കാനാണ് അദ്ദേഹം കസേരയില്‍ ഇരിക്കുന്നതെന്ന് ഓര്‍മിപ്പിക്കാം-കുറിപ്പ് പറയുന്നു. 
ഭരണഘടനയുടെ പ്രസക്ത ഭാഗങ്ങളുടെ പ്രിന്റ് എടുക്കാനുള്ള ലിങ്കും പേജില്‍ നല്‍കിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.