Latest News

ഒന്നരവയസ്സുകാരന്റെ തലയില്‍ പാത്രം കുടുങ്ങി; രക്ഷിച്ചത് അഗ്നിരക്ഷാസേന

തൃശ്ശൂര്‍: മൂന്നുമാസം മൂപ്പുള്ള ഏട്ടന്‍ തലയില്‍ ചീനച്ചട്ടി കമഴ്ത്തിയപ്പോള്‍ ഒന്നരവയസ്സുകാരന്‍ അക്ഷജ് ഒന്നും ആലോചിച്ചില്ല. കയ്യില്‍കിട്ടിയ സ്റ്റീല്‍ പാത്രം തലയില്‍ തൊപ്പിപോലെ വെച്ചു. പക്ഷേ ഊരാന്‍ ശ്രമിച്ചപ്പോള്‍ സംഗതി പുലിവാലായി. അവന്‍ ശ്രമിച്ചിട്ടു കിട്ടിയില്ല. മാതാപിതാക്കള്‍ ശ്രമിച്ചിട്ടും നടന്നില്ല. പിന്നെ കിലോമീറ്ററുകള്‍ താണ്ടി തൃശ്ശൂര്‍ ഫയര്‍‌സ്റ്റേഷനില്‍ എത്തി. വിവിധതരം കട്ടറുകള്‍ ഉപയോഗിച്ച് പാത്രം മുറിച്ചപ്പോഴാണ് ഊരകം ചിറയിന്‍മേല്‍ വീട്ടില്‍ സിനോയിയുടെ മകന്‍ അക്ഷജിന്റെ തല സ്വതന്ത്രമായത്.

തലയില്‍ കുടുങ്ങിയ പാത്രം മൂക്കും വായും മൂടി നില്‍ക്കാഞ്ഞതിനാല്‍ ശ്വാസംമുട്ടിയില്ല. ബുധനാഴ്ച ഒമ്പതു മണിയോടെയാണ് സംഭവം. അക്ഷജിനും സിനോയിയുടെ സഹോദരന്റെ മകന്‍ ദര്‍ശിതിനും ഭക്ഷണം കൊടുക്കുകയായിരുന്നു വീട്ടുകാര്‍. ഇതിനിടയ്ക്ക് കുട്ടികള്‍ അടുക്കളയിലേക്കോടി. ദര്‍ശിത് ചീനച്ചട്ടി തലയില്‍ വെച്ചപ്പോള്‍ അക്ഷജ് വെള്ളം ചൂടാക്കുന്ന സ്റ്റീല്‍പാത്രം തലയില്‍ കമഴ്ത്തി. അടുക്കളയില്‍നിന്നു പുറത്തുവന്ന് ഇത് ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് കുടുങ്ങിയ വിവരം അക്ഷജ് അറിയുന്നത്. ഇതോടെ ഭാവം മാറി കരച്ചിലായി.

മാതാപിതാക്കളും മറ്റും പലതവണ ഊരാന്‍ ശ്രമിച്ചു. ഇതോടെ അവന്റെ കരച്ചില്‍ കൂടി. പാത്രത്തിലും ദേഹത്തും വെളിച്ചെണ്ണ പുരട്ടിനോക്കി.വീട്ടില്‍ വെച്ച് പാത്രം ഊരിയെടുക്കാന്‍ അരമണിക്കൂറോളം ശ്രമിച്ചു. പിന്നെ കാത്തില്ല. സുഹൃത്തിന്റെ കാറില്‍ തൃശ്ശൂര്‍ ഫയര്‍‌സ്റ്റേഷനിലേക്ക്. വഴിനീളെയുള്ള ഗതാഗതക്കുരുക്കും താണ്ടി പത്തുമണിയോടെ സ്റ്റേഷനിലെത്തി.

സ്റ്റീല്‍ പാത്രമായതിനാല്‍ സാധാരണ കട്ടര്‍ ഉപയോഗിച്ചപ്പോള്‍ മുറിഞ്ഞില്ല. അവസാനം ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് അക്ഷജിന്റെ തല സ്വതന്ത്രമാക്കിയത്. പാത്രം ഒഴിവായതോടെ അക്ഷജ് കരച്ചിലും നിര്‍ത്തി. കുഞ്ഞിനു പരിക്കൊന്നുമില്ല. സ്റ്റേഷന്‍ ഓഫീസര്‍ എ.എന്‍. ലാസറിന്റെ നേതൃത്വത്തിലാണ് അക്ഷജിനെ സ്വതന്ത്രനാക്കിയത്. പോള്‍ ഡേവിഡ്, ശരത്ചന്ദ്രബാബു, ബിനോജ്, ബിനൂബ്, വിജേഷ് എന്നിവരും പങ്കെടുത്തു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.