Latest News

മുന്നണിബന്ധം ഉപേക്ഷിച്ച് മുസ്ലിംലീഗും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ മത്സരിച്ചു; ലീഗ് ജയിച്ചു

മലപ്പുറം: മുന്നണിബന്ധം ഉപേക്ഷിച്ച് മുസ്ലിംലീഗും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍മത്സരിച്ച ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലീഗിനുജയം. ലീഗ് സ്ഥാനാര്‍ഥി പൈനാട്ടില്‍ അഷ്‌റഫ് ഒരു വോട്ടിനാണ് ജയിച്ചത്. അഷ്‌റഫിന് എട്ടും കോണ്‍ഗ്രസ്സിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണന് ഏഴുവോട്ടുകളും ലഭിച്ചു. ഇരുപാര്‍ട്ടികള്‍ക്കും തുല്യഅംഗബലമുള്ള ഭരണസമിതിയില്‍ കോണ്‍ഗ്രസിലെ ഒരു അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹാജരാകാതിരുന്നതാണ് ലീഗിന് തുണയായത്.

ലീഗിനും കോണ്‍ഗ്രസ്സിനും എട്ടുവീതം അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തുള്ള രണ്ട് സി.പി.എം. അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകുമെന്ന കണക്കുകൂട്ടിലാണുണ്ടായിരുന്നത്. കോണ്‍ഗ്രസ്സിലെ കോട്ടമ്മല്‍ സുന്ദരന്‍ തിരഞ്ഞെടുപ്പിന് എത്താതിരുന്നത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

ബുധനാഴ്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ സി.പി.എം. അംഗങ്ങള്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പില്‍നിന്ന് മാറിനിന്നു. കോണ്‍ഗ്രസ് അംഗത്തിന്റെ കുറവ് ഒരു വര്‍ഷം തികയുംമുമ്പ് പ്രസിഡന്റ് പദവിതിരിച്ചുപിടിക്കാന്‍ ലീഗിനെ സഹായിച്ചു. മൂന്നുവര്‍ഷത്തോളം മുസ്ലിം ലീഗിലെ കെ. അബ്ദുല്‍ഹമീദ് പ്രസിഡന്റായിരുന്നു. മുന്നണി ധാരണപ്രകാരം പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞുകൊടുത്തെങ്കിലും കോണ്‍ഗ്രസ് മുന്നോട്ടുവെച്ച സ്ഥാനാര്‍ഥിയെ ലീഗ് അംഗീകരിച്ചില്ല. ഹമീദിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുമ്പോള്‍ വോട്ടുചെയ്യാതെ മാറിനിന്ന ആനിക്കോട്ടില്‍ ഉണ്ണിക്കൃഷ്ണനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിശ്ചയിച്ചത്.

താത്പര്യം പരിഗണിച്ചില്ലെന്ന കാരണംപറഞ്ഞ് ഹമീദിനെ വീണ്ടും മത്സരരംഗത്തിറക്കി ലീഗ് തുറന്ന പോരിനിറങ്ങി. ലീഗിലെ ഒരു അംഗത്തിന്റെ വോട്ട് അസാധു ആയതിനെത്തുടര്‍ന്ന് അന്ന് ഉണ്ണികൃഷ്ണന്‍ വിജയിച്ചു. ഒടുവില്‍ കേരസംഘം രജിസ്‌ട്രേഷനില്‍ ക്രമക്കേട് വരുത്തിയെന്നാരോപിച്ച് ഉണ്ണികൃഷ്ണനെതിരെ നവംബര്‍ 10ന് ലീഗ് അംഗങ്ങള്‍ അവിശ്വാസ പ്രമേയംകൊണ്ടുവന്നു. സി.പി.എം. അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം വിജയിച്ചു.

അവിശ്വാസപ്രമേയത്തെ പിന്തുണച്ചെങ്കിലും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരെയും സഹായിക്കാന്‍ സി.പി.എം. തയ്യാറായില്ല.
കോട്ടമ്മല്‍സുന്ദരന്‍ കൃത്യസമയത്ത് തിരഞ്ഞെടുപ്പിന് എത്തുമെന്ന് തന്നെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നത്. 11ന് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചതോടെ സി.പി.എം. അംഗങ്ങള്‍ ഹാള്‍വിട്ടിറങ്ങി. ഒരുവോട്ടിന്റെ ഭൂരിപക്ഷത്തിന് ലീഗ് വിജയിക്കുകയുംചെയ്തു. മുമ്പ് സംഭവിച്ചത് പോലെയുള്ള പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ വളരെ കരുതലോടെയും സമയമെടുത്തുമാണ് ഇരുകൂട്ടരും വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഫലപ്രഖ്യാപനശേഷം ലീഗംഗങ്ങള്‍ ചോക്കാട്ടില്‍ ആഹ്ലൂദപ്രകടനം നടത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.