Latest News

നാടിന്റെ ഉല്‍സവമായി ദേശീയ ദിനം; കരുത്ത് പ്രകടിപ്പിച്ച് പരേഡ്‌

ദോഹ: ഖത്തര്‍ എന്ന കൊച്ചു രാജ്യത്തിന്റെ സേനാ കരുത്തും വൈവിധ്യവും അച്ചടക്കവും വിളിച്ചോതുന്ന ദേശീയ ദിന പരേഡ് കോര്‍ണിഷില്‍ ആവേശത്തിരയിളക്കി. കരയിലും കടലിലും ആകാശത്തും ഒരേ സമയം വിസ്മയം തീര്‍ത്ത്  രാവിലെ 8 മണിക്ക് ആരംഭിച്ച പരേഡില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവരുള്‍പ്പെടുന്ന ഖത്തര്‍ ഭരണനേതൃത്വം മുഖ്യാതിഥികളായി. 

അമീറും പിതാവ് അമീറും പരേഡിനെത്തിയവര്‍ക്ക് കൈവീശി ആശംസ നേര്‍ന്നു. അമീറും പിതാവ് അമീറും കടന്നുവരുമ്പോള്‍ ജനക്കൂട്ടം ആവേശത്തോടെ ആര്‍പ്പു വിളിച്ചു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ഓരോരുത്തര്‍ക്കും ഹസ്തദാനം നല്‍കി അമീര്‍ ദേശീയ ദിന സന്തോഷം പങ്കുവച്ചു.

പരേഡ് വീക്ഷിക്കാന്‍ വിശിഷ്ടാതിഥികളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അമീറിന്റെ സ്വകാര്യ പ്രതിനിധി ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി, ഷൂറാ കൗണ്‍സില്‍ സ്പീക്കര്‍ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖുലൈഫി, മറ്റു ഷെയ്ഖുമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന സൈനിക ഓഫിസര്‍മാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പങ്കെടുത്തു.

ഖത്തറിന്റെ പ്രതിരോധശക്തി വെളിപ്പെടുത്തുന്നതായിരുന്നു 2500ലേറെ സേനാംഗങ്ങളും സേനാവാഹനങ്ങളും പങ്കെടുത്ത പരേഡ്. രാവിലെ കൃത്യം 8 മണിക്ക് 18 ആചാരവെടികളായിരുന്നു ആദ്യം. തുടര്‍ന്നു ഖുര്‍ആന്‍ പാരായണം. മിലിട്ടറി ബാന്‍ഡ് ഖത്തര്‍ ദേശീയ ഗാനം ആലപിച്ചതോടെ പരേഡിനു തുടക്കമായി. ലഖ്‌വിയ, അമീരി ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഗതാഗത വകുപ്പ്, പൊലിസ് കോളജ്, കമാന്‍ഡോസ് ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ സേനാവിഭാഗങ്ങളാണ് അണിനിരന്നത്. കര, വ്യോമ, നാവിക സേനയില്‍ നിന്നുള്ള എല്ലാ വിഭാഗങ്ങളും പരേഡിന്റെ ഭാഗമായി. പൊലിസ് കോളജ്, അതിര്‍ത്തി രക്ഷാസേന, ഖത്തര്‍ ലീഡര്‍ഷിപ് അക്കാദമി തുടങ്ങിയവയും പങ്കെടുത്തു. 


അറേബ്യന്‍ കുതിരകള്‍ ഉള്‍പ്പെട്ട അമീരി ഗാര്‍ഡ് അശ്വസേന ഏവരെയും ആകര്‍ഷിച്ചു. ഒട്ടകപ്പടയും ഡോഗ് സ്‌ക്വാഡും അണി നിരന്നു. അതേ സമയത്തു തന്നെ പോര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ആകാശത്തു വര്‍ണരാജി തീര്‍ത്തു. പാരച്യൂട്ടില്‍ സൈനികര്‍ കോര്‍ണിഷ് തീരത്ത് പറന്നിറങ്ങിയത് ജനം കൈയടികളോടെയാണ് സ്വീകരിച്ചത്. ഒരു മണിക്കൂര്‍ നീണ്ട പരേഡില്‍ കടലിലും സൈനിക അഭ്യാസ പ്രകടനമുണ്ടായിരുന്നു.

ഷഫല്ല സെന്റര്‍, അല്‍ നൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്ലൈന്‍ഡ് ഉള്‍പ്പെടെ വിവിധ സ്‌കൂള്‍ കുട്ടികളും അമീരി ഗാര്‍ഡിന്റെ യൂണിഫോം അണിഞ്ഞ കുട്ടികളും പരേഡിന്റെ ഭാഗമായി.

പരേഡ് കാണാന്‍ പുലര്‍ച്ചെ മുതല്‍ തന്നെ പ്രവാസികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ ഒഴുകിയെത്തി. അയല്‍ രാജ്യങ്ങളില്‍ നിന്നും ആയിരങ്ങള്‍ ദേശീയ ദിനത്തില്‍ പങ്കെടുക്കാന്‍ അബൂസംറ അതിര്‍ത്തി വഴി തലേന്നു തന്നെ ഖത്തറിലെത്തിയിരുന്നു.

പുലര്‍ച്ചെ രണ്ടു മണി മുതല്‍ തന്നെ കോര്‍ണിഷിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഒഴുക്കായിരുന്നു. കുടുംബങ്ങള്‍ക്കാണു പരേഡ് കാണാന്‍ അവസരം ലഭിച്ചത്. ബാച്ചിലര്‍മാരെ പോലിസ് തിരിച്ചയച്ചു. പരേഡ് കാണാനുള്ള മോഹവുമായി എത്തിയ നൂറുകണക്കിനു പേരാണ് ഇങ്ങനെ നിരാശരായി മടങ്ങിയത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ഒരുക്കിയിരുന്നെങ്കിലും അവ മുഴുവന്‍ ആറു മണിയോടു കൂടി തന്നെ നിറഞ്ഞു കവിഞ്ഞു. സീറ്റുകളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ റോഡിന്റെ ഇരുവശത്തും തിങ്ങി നിറഞ്ഞിരുന്നു. 


കോര്‍ണിഷിലേക്കു പുലര്‍ച്ചെ രണ്ടു മണിക്കു മുമ്പു തന്നെ വാഹന ഗതാഗതം തടഞ്ഞെങ്കിലും വിവിധ പോയിന്റുകളില്‍ നിന്നു കാണികളെ കോര്‍ണിഷിലെത്തിക്കാന്‍ ബസുകള്‍ ഒരുക്കിയിരുന്നു. വൈകീട്ട് 8 മുതല്‍ 8.10 വരെ കോര്‍ണിഷില്‍ നടന്ന വെടിക്കെട്ടും കണ്‍കുളിര്‍ക്കും കാഴ്ച പകര്‍ന്നു.
Keywords: Qatar, Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.