Latest News

കൊമ്പന്‍മാരുടെ മൂന്നടിയില്‍ ചെന്നൈയിന്‍ വീണു; ആദ്യ പാദം ബ്ലാസ്റ്റേഴ്‌സിന്

കൊച്ചി: ആവേശത്തിമര്‍പ്പില്‍ പിന്തുണയേകിയ അറുപത്തിയൊന്നായിരത്തോളം വരുന്ന കാണികളുടെ ആഗ്രഹം സഫലീകരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഹോം ഗ്രൗണ്ടില്‍ നടന്ന ഐഎസ്എല്‍ ആദ്യ പാദ സെമിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്കുള്ള ചുവടുറപ്പിച്ചു. ഇഷ്ഫാക്ക് അഹമ്മദ്, ഇയാന്‍ ഹ്യൂം മലയാളി താരം സുശാന്ത് മാത്യൂ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന് വേണ്ട് ചെന്നൈയിന്‍ വലകുലുക്കിയത്.

രണ്ടാം പാദ സെമി 16ന് ചെന്നൈയില്‍ നടക്കും. രണ്ട് മത്സരത്തിലേയും ആകെ സ്‌കോര്‍ പരിഗണിച്ചാവും ഫൈനലിലേക്ക് മുന്നേറുന്ന ടീമിനെ നിശ്ചയിക്കുക. എതിരാളികളുടെ തട്ടകത്തില്‍ നേടുന്ന ഓരോ ഗോളിനും ഇരട്ടമൂല്യമുണ്ടെന്നതിനാല്‍ ചെന്നൈയിനെതിരെ നേടിയ 3 ഗോള്‍ ജയം കേരളത്തിന്റെ ഫൈനല്‍ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഫൈനലില്‍ കടക്കണമെങ്കില്‍ രണ്ടാം പാദ സെമിയില്‍ ചെന്നൈയിന്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ നാല് ഗോള്‍ ജയമെങ്കിലും നേടണം.

ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന നിലയില്‍ തുടര്‍ച്ചയായ ആക്രമണമായിരുന്നു ചെന്നൈയിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ ചെന്നൈയിന്റെ പേരുകേട്ട പ്രതിരോധം പലപ്പോഴും പാളി.

ലീഗ് റൗണ്ട് പോരാട്ടത്തിലെ രണ്ടുമത്സരത്തിലും ലഭിച്ച ജയം ചെന്നൈയിന്‍ എഫ്‌സിക്ക് അല്പം മേല്‍കൈ ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, തുടക്കം മുതല്‍ കനത്ത ആക്രമണം ബ്ലാസ്റ്റേഴ്‌സ് നടത്തി. ആദ്യ പകുതിയില്‍ നേടിയ മുന്‍തൂക്കം രണ്ടാംപകുതിയിലും കൈവിടാതെ സൂക്ഷിക്കാനായി എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച നേട്ടം. 27 ാം മിനുട്ടിലാണ് പ്രതീക്ഷിച്ച ഗോള്‍ പിറന്നത്. ഇഷ്ഫാക്ക് അമ്മദിന്റെ മനോഹരമായ ഷോട്ട് ചെന്നൈയിന്‍ എഫ്‌സിയുടെ നെഞ്ചകം തകര്‍ത്തു. ഇതിന് തൊട്ടുമുമ്പ് ബ്ലാസറ്റേഴ്‌സ് ചെന്നൈയിന്റെ വലകുലുക്കിയിരുന്നെങ്കിലും ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചില്ല. ഗോളെന്ന് ഉറപ്പിച്ച കാണികളുടെ ആരവം ഒടുങ്ങുന്നതിന് മുമ്പായി ഇഷ്ഫാക്ക് കാണികളുടെ ആഗ്രഹം സഫലമാക്കി.

ആദ്യ ഗോളിന്റെ ഞെട്ടലിലില്‍നിന്ന് മുക്തമാകും മുമ്പാണ് 29 ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെ വീണ്ടും ഞെട്ടിച്ചു. ചെന്നൈയിന്റെ പ്രതിരോധ നിരയിലെ പാളിച്ച മുതലെടുത്തായിരുന്നു മനോഹരമായ രണ്ടാം ഗോള്‍. ഇഞ്ചുറി ടൈമില്‍ മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കവെ മലയാളി താരം സുശാന്ത് മാത്യൂവിലൂടെ കേരളം അവസാനഗോള്‍ സ്വന്തമാക്കി.ഐഎസ്എല്ലിലെ ലോകനിലവാരത്തിലുള്ള ഗോളുകളൊന്നായിരുന്നു ഇത്.

പരുക്കേറ്റ പ്രതിരോധനിര താരം സന്ദേശ് ജിങ്കാനില്ലാതെയായിരുന്നു കേരളം കളത്തിലിറങ്ങിയത്. പരുക്കേറ്റ ഡേവിഡ് ജെയിംസിന് പകരം സന്ദീപ് നന്തി തന്നെ വല കാത്തു. മുന്‍ മത്സരത്തിലേതുപോലെ മികച്ച സേവുകളാണ് നന്ദിയും നടത്തിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.