Latest News

റിസോര്‍ട്ട് കേന്ദ്രമാക്കി പെണ്‍ വാണിഭം: ഏഴ് പേര്‍ അറസ്റ്റില്‍

ചാലക്കുടി: അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിനടുത്ത് റിസോര്‍ട്ട് കേന്ദ്രമാക്കി പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍. കണ്ണന്‍കുഴി ഗ്രീന്‍ലന്‍ഡ് ഹോളിഡേ ഹോം കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിയ കേസിലാണ് രണ്ട് യുവതികളടക്കം ഏഴു പേര്‍ അറസ്റ്റിലായത്. 

ഇടുക്കി വണ്ണപുറം സ്വദേശിനി കുന്തിപ്പറമ്പില്‍ ജുമൈല (30), കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ഷംല (32), നായരങ്ങാടി പൊയ്യാറ യദു (35), മാള പൊയ്യ പുളിക്കപ്പറമ്പില്‍ ബൈജു (29), ആലപ്പുഴ മുതുകുളം കുറ്റിയില്‍ റഷീദ് (50), കൊല്ലം പവിത്രേശ്വരം പുതുവിള പുത്തന്‍വീട്ടില്‍ അനില്‍കുമാര്‍ (42), റിസോര്‍ട്ട് നടത്തിപ്പുകാരന്‍ പുത്തന്‍വേലിക്കര എളന്തിക്കര പീഠക്കേരിവീട്ടില്‍ മണികണ്ഠന്‍ (കുതിര മണി - 33) എന്നിവരെയാണ് സിഐ ബാബു കെ. തോമസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറേ നാളുകളായി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിനടുത്തെ റിസോര്‍ട്ടുകളില്‍ പെണ്‍വാണിഭം നടക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. സിനിമ, സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെയും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥിനികളെയും സെക്‌സ് റാക്കറ്റില്‍ പെടുത്തിയാണു പെണ്‍വാണിഭം നടത്തിയിരുന്നത്. 

യുവതികളെ റിസോര്‍ട്ടില്‍ താമസിപ്പിച്ച് നടത്തിപ്പുകാരനായ മണികണ്ഠന്‍ ആവശ്യക്കാരെ വിളിച്ചുവരുത്തി സൗകര്യമൊരുക്കുകയായിരുന്നു. ഓരോ ആഴ്ചയിലും പെണ്‍കുട്ടികളെ മാറ്റി പുതിയ പെണ്‍കുട്ടികളെ എത്തിക്കുകയാണ് ഇയാളുടെ പതിവ്. എതിര്‍പ്പുമായെത്തുന്ന പ്രദേശവാസികളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാറുണ്ടെന്നും പൊലീസിനു വിവരം ലഭിച്ചു. ഇടപാടുകാരില്‍ നിന്ന് വന്‍തുക കൈപ്പറ്റി ചെറിയ വിഹിതം മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കുക.

സിവില്‍ പൊലീസ് ഓഫിസര്‍മാരായ എം. സതീശന്‍, കെ.ജെ. ജോണ്‍സണ്‍, യു.പി. ഷിബു, സി.ബി. ഷെറില്‍, വി.യു. സില്‍ജോ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. റെയ്ഡിനിടെ ഇടപാടുകാരുടെയും പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ അടങ്ങിയ റജിസ്റ്ററും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. 

സെക്‌സ് റാക്കറ്റിലെ കൂടുതല്‍ കണ്ണികളെ വെളിച്ചത്തു കൊണ്ടുവരാന്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്‍. വിജയകുമാര്‍, ഡിവൈഎസ്പിമാരായ ടോമി സെബാസ്റ്റിയന്‍, പി.എ. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.