Latest News

സുന്നീ ഐക്യ ശ്രമങ്ങള്‍ക്ക് പുതിയ കാല്‍വെയ്പ്പായി നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ്

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് വേദി സുന്നീ ഐക്യ ശ്രമങ്ങള്‍ക്ക് പുതിയ കാല്‍വെയ്പ്പായി. ശനിയാഴ്ച രാത്രി നടന്ന ഉറൂസ് പരിപാടിയില്‍ മുനവ്വറലി ശിഹാബ് തങ്ങളും, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫിയും വേദി പങ്കിട്ടത് സുന്നീ ഐക്യത്തിന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു. 

സുന്നികളിലെ വിഘടിച്ചു നില്‍ക്കുന്ന രണ്ടു ഗ്രൂപ്പുകളുടെ നേതാക്കളായ ഒരേ വേദിയിലെത്തിയത് മുമ്പ് കാസര്‍കോട്ടെ പ്രമുഖര്‍ തുടങ്ങിവെച്ച് ഇടയ്ക്ക് മുടങ്ങിപ്പോയ ഐക്യ ചര്‍ച്ചകള്‍ക്ക് പുതിയ വഴികള്‍ തുറക്കപ്പെടുമെന്നാണ് വിശ്വസികള്‍ കരുതുന്നത്.
കാസര്‍കോട്ടെ വ്യവസായ പ്രമുഖന്‍ പരേതനായ കെ.എസ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്നീ ഐക്യ ശ്രമങ്ങള്‍ ഏറെ മുന്നോട്ടു പോയതാണ്. ഇതിനിടയില്‍ കെ.എസിന്റെ വിയോഗത്തോടെ ആ ശ്രമങ്ങള്‍ നിലച്ചു പോവുകയായിരുന്നു.


സുന്നികളുടെ പൂര്‍ണ ഐക്യമെന്ന അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ മകന്‍ മുനവ്വറലി ഷിഹാബ് തങ്ങള്‍ നേരത്തെയും കാന്തപുരം ഉള്‍പെടെയുള്ള നേതാക്കള്‍ അഥിതികളായെത്തുന്ന വിവിധ ചടങ്ങുകളില്‍ സംബന്ധിച്ചിരുന്നു. 

നെല്ലിക്കുന്നിലെ ഈ സമാഗമത്തിന് വേദിയൊരുക്കിയ നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് ഭാരവാഹികളെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വന്‍ ജനക്കൂട്ടമാണ് ശനിയാഴ്ച രാത്രി നെല്ലിക്കുന്നില്ലെത്തിയത്.

ഖുര്‍ആനും നബിചര്യയും മുറുകെപ്പിടിച്ചു ജീവിക്കാന്‍ ഓരോ മുസല്‍മാനും ശ്രദ്ധിക്കണമെന്ന് പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയതിനു ശേഷം നടത്തിയ പ്രഭാഷണത്തില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇസ്ലാമിന്റെ നിഷ്‌ക്കര്‍ഷകളില്‍ നിന്നുള്ള വ്യതിചലനമാണ് ഇന്നത്തെ സാമൂഹ്യ അപചയങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.


പൂര്‍വ്വികരുടെ മഹത്തായ പാത പിന്തുടര്‍ന്നു സ്വര്‍ഗാവകാശികളാകാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി ഉദ്‌ബോദിപ്പിച്ചു. 

എന്‍.എ. നെല്ലിക്കുന്ന്, ഹാജി പൂന അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, കേളുവളപ്പ് ഇബ്രാഹിം ഹാജി, പി.കെ.ഖാദര്‍, ഖാദര്‍ ബങ്കര, ജി.എസ്.അബ്ദുര്‍ റഹ്മാന്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂട്ട പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ബായാര്‍നേതൃത്വം നല്‍കി.
തുടര്‍ന്നുളള ദിവസങ്ങളിലും ഇരു വിഭാഗം സുന്നികളെയും ഒരേ വേദിയില്‍ അണി നിരത്താനുളള ശ്രമത്തിലാണ് ഉറൂസ് കമ്മിററി.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.