Latest News

പുകവലിക്കുന്നവരില്‍നിന്ന് 1000 രൂപ ഈടാക്കാമെന്ന് ഭേദഗതി ബില്ല്‌

ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരില്‍നിന്ന് ഈടാക്കുന്ന പിഴ 1,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സിഗരറ്റ് ചില്ലറയായി വില്‍ക്കുന്നത് നിരോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ടുബാക്കോ പ്രൊഡക്റ്റ്‌സ് (പ്രൊഹിബിഷന്‍ ഓഫ് അഡ്വര്‍ടൈസ്‌മെന്റ് ആന്റ് റഗുലേഷന്‍ ഓഫ് ട്രേഡ് ആന്റ് കൊമേഴ്‌സ് പ്രൊഡക്ഷന്‍ സപ്ലൈ ആന്റ് ഡിസ്ട്രിബ്യൂഷന്‍) ഭേദഗതി ബില്ല് 2015 പറയുന്നു.

ബില്ലില്‍ കേന്ദ്രം പൊതുജനാഭിപ്രായം തേടി. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമുള്ള പുകവലി മേഖലകള്‍ ഒഴിവാക്കണം. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തണമെന്നും ഭേദഗതി ബില്ല് പറയുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുത്, സിഗരറ്റ് പാക്കറ്റിന്റെ പ്രധാന സ്ഥലത്ത് ആരോഗ്യ മുന്നറിയിപ്പ് വേണം, സിഗരറ്റില്‍ അടങ്ങിയിട്ടുള്ള വസ്തുക്കളുടെയും അത് പുറത്തുവിടുന്ന വാതകങ്ങളുടെയും രാസവസ്തുക്കളുടെയും പേര് എല്ലാ പാക്കറ്റുകളിലും രേഖപ്പെടുത്തണം, സിഗരറ്റിന്റെ പരസ്യം യാതൊരുവിധത്തിലും പ്രസിദ്ധീകരിക്കരുത് തുടങ്ങിയവയാണ് സുപ്രധാന ശുപാര്‍ശകള്‍.

നിയമലംഘനം കൈകാര്യം ചെയ്യാന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസ് പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്നും ബില്ല് പറയുന്നു.

നിയമം ലംഘിക്കുന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വില്‍പ്പനക്കാരുടെയും ലൈസന്‍സ് റദ്ദാക്കണമെന്നും ഒരുലക്ഷം രൂപ പിഴയായി ഈടാക്കണമെന്നും ശുപാര്‍ശയുണ്ട്. നിലവില്‍ പിഴ 10,000 രൂപയാണ്. അടുത്ത മാസം 15ന് മുമ്പ് ജനങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാം.
Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.