Latest News

ചിത്താരി നടപ്പാലം നിര്‍മിച്ചതില്‍ ക്രമക്കേട്: ഷെയ്ഖ് പരീതിനെതിരെ വിജിലന്‍സ് കേസ്

കാസര്‍കോട്: ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗം ചീഫ് എന്‍ജിനീയറായിരിക്കെ ചിത്താരിപ്പുഴയില്‍ നടപ്പാലം നിര്‍മിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനെതുടര്‍ന്നു ടൂറിസം വകുപ്പ് ഡയറക്ടര്‍ പി.എ. ഷെയ്ഖ് പരീതിനെതിരെ വിജിലന്‍സ് കേസെടുത്തു. 

കാസര്‍കോട് വിജിലന്‍സ് സിഐ ഡോ. വി. ബാലകൃഷ്ണന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് കേസ്. ഷെയ്ഖ് പരീതിനു പുറമെ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ മറ്റ് ഉദ്യോഗസ്ഥരടക്കം നാലു പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പാലത്തിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത കാസര്‍കോട് സ്വദേശി സി.എം. അബ്ദുല്‍ഖാദറാണ് ഒന്നാം പ്രതി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ ദീപുരാജ്, രവീന്ദ്രന്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ ജോസ് മാത്യു എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാലു വരെ പ്രതികള്‍. ഷെയ്ഖ് പരീത് അഞ്ചാം പ്രതിയാണ്. 

2008ല്‍ കാഞ്ഞങ്ങാട് മാട്ടുമ്മലിലെ ചിത്താരിപ്പുഴയ്ക്കു കുറുകെ നടപ്പാലം നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നെന്നാണ് കാസര്‍കോട് വിജിലന്‍സ് സംഘം കണ്ടെത്തിയത്. 64ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്. 2010ല്‍ നിര്‍മാണം പൂര്‍ത്തിയായെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ പുഴയിലേക്കു താണുപോയി.

നിര്‍മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നു വിജിലന്‍സ് സംഘം അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പാലത്തിന്റെ തൂണുകളുടെ നിര്‍മാണത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് വിജിലന്‍സിന്റെ സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു. 

കോണ്‍ക്രീറ്റ് തൂണുകള്‍ക്കു 40 സെന്റിമീറ്റര്‍ വ്യാസം വേണമെന്നിരിക്കെ 30 സെന്റിമീറ്ററായി കുറച്ചതാണ് തകര്‍ച്ചയ്ക്കു കാരണമെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. പ്രാഥമിക റിപ്പോര്‍ട്ട് പരിഗണിച്ച കോഴിക്കോട് വിജിലസ് കോടതി വിശദമായ അന്വേഷണം പൂര്‍ത്തിയാക്കി ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.