Latest News

വ്യാജ മണല്‍പാസ് കേസിലെ പ്രതി ഗള്‍ഫിലേക്ക് കടക്കുന്നതിനിടെ പിടിയില്‍

കാഞ്ഞങ്ങാട്: ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാഞ്ഞങ്ങാട്ടെ വ്യാജ മണല്‍പാസ് കേസിലെ പ്രതിയെ പോലീസ് വിമാനത്താവളത്തില്‍െവച്ച് പിടികൂടി. ബദിയടുക്ക ബീജന്തടുക്കയിലെ റഫീഖ് (28) ആണ് പിടിയിലായത്. 

വ്യാഴാഴ്ച ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് അറിയിച്ചു. കേസിലെ മൂന്നാം പ്രതിയാണ് റഫീഖ്. എം.എസ്.എഫ്. നേതാവ് ആബിദ് ആറങ്ങാടിയാണ് കേസിലെ ഒന്നാംപ്രതി. ആബിദിന്റെ കാഞ്ഞങ്ങാട്ടെ സ്ഥാപനത്തില്‍ ഇക്കഴിഞ്ഞ ഒമ്പതിനാണ് വ്യാജ മണല്‍പാസ് പിടികൂടിയത്.

വ്യാജമണല്‍ പാസ് കാഞ്ഞങ്ങാട്ട് നിന്നും പിടികൂടിയ വിവരം അറിഞ്ഞതോടെ നാട്ടില്‍നിന്നും മുങ്ങിയ ഇയാളുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. റഫീഖ് രാജ്യം വിട്ടിട്ടില്ലെന്ന് ഉറപ്പാക്കിയ പോലീസ് വിമാനത്താവളങ്ങളിലും മറ്റും ലുക്കൗട്ട് നോട്ടീസ് നല്‍കിയിരുന്നു.

ബുധനാഴ്ച രാവിലെ ഗള്‍ഫിലേക്ക് കടക്കാനായി വിമാനത്താവളത്തിലെത്തിയ റഫീഖിനെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെക്കുകയും വിവരം കാസര്‍കോട് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിനെ അറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുത്തു. 

കേസന്വേഷിക്കുന്ന കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഹരിഷ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ റഫീഖിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.