Latest News

പുതു വര്‍ഷത്തില്‍ ഉദുമക്കാര്‍ ചോദിക്കുന്നു, അധികാരികള്‍ കണ്ണ് തുറക്കുമോ...?

ഉദുമ: കെട്ടിടങ്ങള്‍ അപകടത്തിലായതിനെ തുടര്‍ന്നു മുടങ്ങിയ ഉദുമ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികില്‍സ രണ്ടു വര്‍ഷത്തിലേറെയായിട്ടും തുടങ്ങിയില്ല. ദിവസേന മുന്നൂറോളം രോഗികളെത്തുന്ന ആശുപത്രിയില്‍ കിടത്തി ചികില്‍സ ആവശ്യമുള്ളവരെ കാസര്‍കോട് ജനറല്‍, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലേക്ക് അയയ്ക്കുന്നുവെങ്കിലും കിടത്തി ചികില്‍സ പുനരാരംഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതു മല്‍സ്യത്തൊഴിലാളി ഉള്‍പ്പെടെയുള്ള ആയിരക്കണക്കിനു കുടുംബങ്ങളെ പ്രയാസത്തിലാക്കുന്നു.

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് 20 പേരെ കിടത്തിയിരുന്ന ആശുപത്രിയില്‍ അഞ്ചു ഡോക്ടര്‍മാര്‍, ആറു സ്റ്റാഫ് നഴ്‌സുമാര്‍, നാലു നഴ്‌സിങ് അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും ഒരു സ്റ്റാഫ് നഴ്‌സുമാണുള്ളത്. കിടത്തി ചികില്‍സ നിര്‍ത്തിയതോടെ ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മറ്റിടങ്ങളിലേക്ക് മാറ്റി. ലബോറട്ടറി സൗകര്യവും ആവശ്യത്തിനുള്ള മരുന്നുകളും ഉണ്ടെങ്കിലും രോഗികളെ കിടത്തേണ്ട കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടത്തിയില്ല.

പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളിലെ ആയിരക്കണക്കിനു ജനങ്ങള്‍ക്ക് ഏറെ ആശ്രയമായിരുന്നു ഉദുമ പ്രാഥമികാരോഗ്യകേന്ദ്രം. എന്നാല്‍ കിടത്തി ചികില്‍സ മുടങ്ങിയതോടെ ബേക്കല്‍, കോട്ടിക്കുളം, കീഴൂര്‍ എന്നീ പ്രദേശങ്ങളിലടക്കമുള്ള നൂറുകണക്കിനുള്ള മല്‍സ്യത്തൊഴിലാളി ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ചികില്‍സയ്ക്കായി കിലോമീറ്റര്‍ അകലെയുള്ള
കാസര്‍കോട്,
കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലേക്കു പോകുന്നു. വര്‍ഷങ്ങളോളം കിടത്തി ചികില്‍സിച്ചിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് പാളികള്‍ പലയിടങ്ങളിലായി അടര്‍ന്നു വീഴുകയാണ്.

കട്ടിലില്‍ കിടക്കുകയായിരുന്ന ഒരു രോഗിയുടെ മേല്‍ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയതോടെയാണു കിടത്തി ചികില്‍സ നിര്‍ത്തിയത്. അന്നു മുതല്‍ കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തണമെന്ന് ആശുപത്രി വികസന സമിതിയും നാട്ടിലെ വിവിധ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇതുവരെയായി നടപടിയുണ്ടായില്ല. ഉദുമ പഞ്ചായത്തിന്റെ കീഴിലാണ് ആശുപത്രിയുള്ളത്. ആശുപത്രി വളപ്പില്‍ ഈ കെട്ടിടത്തിനു പുറമെ നാലു കെട്ടിടങ്ങള്‍ വേറെയുണ്ട്.

ഇതില്‍ രണ്ടെണ്ണം പഴക്കമുള്ളവയാണ്. അതില്‍ ഒന്നിന്റെ അറ്റകുറ്റപ്പണി നടത്തിയാണ് ലാബ്-ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടത്തിലാണു പരിശോധനയും ഫാര്‍മസിയുമുള്ളത്. രണ്ടു ശിശുരോഗ വിദഗ്ധരടക്കം മൂന്നു ഡോക്ടര്‍മാരില്‍ ഒരാള്‍ക്ക് മെഡിക്കല്‍ ഓഫിസറുടെ കൂടി ചുമതലയുള്ളതിനാല്‍ ആശുപത്രിയില്‍ മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ലഭ്യമല്ല. പിഎച്ച്‌സിയുടെ കീഴിലുള്ള സബ് സെന്ററിലെ കുത്തിവയ്പ്, പഞ്ചായത്ത്-ബ്ലോക്ക് -വകുപ്പ്തല യോഗങ്ങള്‍ എന്നിവയില്‍ മെഡിക്കല്‍ ഓഫിസര്‍ പങ്കെടുക്കണം. എന്നാലും ഡോക്ടര്‍ 11 മണിവരെ ആശുപത്രിയിലുണ്ടാവാറുണ്ടെന്ന് രോഗികള്‍ പറയുന്നു.

അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ താഴെയാണ് കുട്ടികള്‍ക്കുള്ള കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള നല്‍കുന്നത്. ജീവനക്കാരുടെ വിശ്രമ മുറികളിലെ കോണ്‍ക്രീറ്റ് പാളികളും പാടെ അടര്‍ന്നു വീഴുന്നു. ആശുപത്രിയിലേക്കുള്ള വഴികള്‍ ഇന്റര്‍ലോക്ക് പ്രവൃത്തി നടത്തുകയാണ്. എന്നാല്‍ അപകടാവസ്ഥയിലായ കെട്ടിടം നന്നാക്കാതെ ആശുപത്രി വളപ്പ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധവും ഇവിടെ ഉയരുന്നുണ്ട്.

എല്ലാവിധ സൗകര്യങ്ങളോടു കൂടിയുള്ള ആശുപത്രിയില്‍ കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തി സ്ത്രീ രോഗി വിദ്ഗദ അടക്കമുള്ളവരെ നിയമിച്ച് ഈ കിടത്തി ചികില്‍സ തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യം. ഇതിനായി ജനപ്രതിനിധികളും സന്നദ്ധ-രാഷ്ട്രീയ സംഘടനകളും രംഗത്തിറങ്ങണമെന്ന് നാട്ടുകാര്‍ക്ക് ഈ പുതുവര്‍ഷത്തില്‍ അധികൃതരോട് അഭ്യര്‍ഥിക്കാനുള്ളത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.