Latest News

ഐഎന്‍എല്‍ ജില്ലാ ഭാരവാഹിത്വത്തിന് ഉദുമ ഗ്രൂപ്പും കാസര്‍കോട് ഗ്രൂപ്പും തമ്മില്‍ വടംവലി

ബേക്കല്‍: ഐഎന്‍എല്‍ ജില്ലാ ഭാരവാഹിത്വത്തിന് ഉദുമ ഗ്രൂപ്പും കാസര്‍കോട് ഗ്രൂപ്പും തമ്മില്‍ വടംവലി രൂക്ഷമാകുന്നു. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ഐഎന്‍എല്‍ കാസര്‍കോട് ജില്ലാ ജനറല്‍ബോഡിയോഗം കീഴ്ഘടകങ്ങളുടെ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജനുവരി അവസാനവാരം മാത്രമേ നടക്കുകയുള്ളു.

ജില്ലാ ഭാരവാഹിത്വത്തിലേക്ക് എത്തിപ്പെടാനായി ഐഎന്‍എല്ലില്‍ രണ്ട് ശാക്തിക ചേരികളാണ് ഇപ്പോള്‍ മത്സരിക്കുന്നത്. പി എ മുഹമ്മദ് കുഞ്ഞിയാണ് നിലവില്‍ ഐഎന്‍എല്‍ ജില്ലാപ്രസിഡണ്ട്.
അസീസ് കടപ്പുറം ജനറല്‍ സെക്രട്ടറിയും ഇ കെ കെ പടന്നക്കാട് ട്രഷററുമാണ്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ പി എ മുഹമ്മദ് കുഞ്ഞി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറി നില്‍ക്കാനാണ് സാധ്യത. ആരോഗ്യപരമായ കാരണങ്ങളാല്‍ തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഭാരവാഹിത്വത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും മുഹമ്മദ് കുഞ്ഞി നേതൃത്വത്തെ അറിയിച്ചിരുന്നു.
ട്രഷറര്‍ സ്ഥാനത്ത് നിന്ന് ഇ കെ കെ പടന്നക്കാടിനെ മാറ്റുമെന്നാണ് സൂചന. ഐഎന്‍എല്‍ ജില്ലാ കമ്മിറ്റിയോഗങ്ങളില്‍ ഇകെകെ പടന്നക്കാട് സംബന്ധിക്കാറില്ല. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാടിനെ പ്രസിഡണ്ടും അസീസ് കടപ്പുറത്തെ ജനറല്‍ സെക്രട്ടറിയുമാക്കിയുള്ള കമ്മിറ്റി നിലവില്‍ വരണമെന്നാണ് ഐഎന്‍എല്ലിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതേ സമയം അസീസ് കടപ്പുറത്തെ പ്രസിഡണ്ടും, എം എ ലത്തീഫിനെ ജനറല്‍ സെക്രട്ടറിയുമാക്കിയുള്ള കമ്മിറ്റി വേണമെന്ന് മറുവിഭാഗം ആവശ്യപ്പെടുന്നു.
മുന്‍ പി ഡി പി നേതാവും ഇപ്പോള്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ അജിത്ത് കുമാര്‍ ആസാദ്, നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് എന്നിവര്‍ക്കും ഐഎന്‍എല്‍ ജില്ലാകമ്മിറ്റിയില്‍ ഭാരവാഹിത്വം നല്‍കണമെന്ന ആവശ്യം ശക്തമാണ്. 

ഐഎന്‍എല്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എസ് ഫക്രുദിന്‍, കപ്പണ മുഹമ്മദ് കുഞ്ഞി, മുസ്തഫ തോരവളപ്പില്‍ എന്നിവരും ജില്ലാഭാരവാഹി സ്ഥാനത്തേക്ക് കണ്ണും നട്ടിരിപ്പാണ്. ഐഎന്‍എല്ലിലെ മറ്റൊരു പ്രമുഖനായ പി കെ അബ്ദുറഹ്മാനെയും പരിഗണിക്കുന്നുണ്ട്. ഇതിനിടെ ഐഎന്‍എല്ലിന്റെ പ്രമുഖരായ മുന്‍ നേതാക്കളെയും പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും അടുപ്പിച്ച് നിര്‍ത്തുന്നതിന് ജില്ലാ നേതൃത്വം ശ്രമം ആരംഭിച്ചിട്ടുണ്ട്.
ഇവരുടെ വീടുകള്‍ കയറിയിറങ്ങി ചര്‍ച്ച നടത്തിയാണ് ഇതിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒരാഴ്ച മുമ്പ് ബേക്കലില്‍ ഐഎന്‍എല്ലില്‍ നിന്നും അകന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ കണ്‍വെന്‍ഷന്‍ നടന്നിരുന്നു. ജില്ലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നേതൃത്വം നടത്തുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.