കാഞ്ഞങ്ങാട് : എല്ലാം സ്വപ്‌നം പോലെയാണ് ധന്യക്കും ഗീതുവിനും നളിനിക്കും തോന്നുന്നത്. അവര്‍ ഒരിക്കലും നിനച്ചിരുന്നില്ല മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തങ്ങളോട് ഇങ്ങനെ കനിവ് കാട്ടുമെന്ന്. സുരേഷ് ഗോപിയുടെ കൂടി സാമ്പത്തിക സഹായത്തോടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായി ജീവിതം തള്ളി നീക്കുന്ന കിഴക്കും കരയിലെ സി വി നളിനിയുടെ മകള്‍ ധന്യക്ക് പുതുവര്‍ഷ സമ്മാനമായി പുതിയ വീട് ഒരുങ്ങിക്കഴിഞ്ഞു.
പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സാഹിത്യ വേദിയുടെ മേല്‍ നോട്ടത്തില്‍ സി പി എം നേതാവ് എ കെ നാരായണന്‍ ചെയര്‍മാനും ബല്ല ബാബു കണ്‍വീനറുമായി രൂപീകരിച്ച നാട്ടുകാരുടെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധന്യക്ക് കിഴക്കും കരയില്‍ പുതിയ വീട് നിര്‍മ്മിച്ചു നല്‍കി.
സംരക്ഷണം എന്ന് അര്‍ത്ഥം വരുന്ന സുരേഷ്‌ഗോപിയുടെ പേര് കൂടി ചേര്‍ത്ത് 'ഗോപീഥം' എന്ന് പേരിട്ട ഈ ഭവനത്തില്‍ പാല് കാച്ചാന്‍ സുരേഷ് ഗോപി എത്തും. ജനുവരി അഞ്ചിന് രാവിലെ പത്ത് മണിക്ക് സുരേഷ് ഗോപി 'ഗോപീഥ' ത്തില്‍ പാല് കാച്ചുന്നതോടെ നളിനിയുടെയും മക്കളുടെയും സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്. എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഏറെ താത്പര്യമെടുത്താണ് ധന്യക്ക് വീടെന്ന പദ്ധതി സാര്‍ഥകമാക്കിയത്.
ജനിച്ച ഉടന്‍ ആറാം മാസം മുതലാണ് 21 കാരിയായ ധന്യയെ എന്‍ഡോസള്‍ഫാന്‍ ഭൂതം വലിഞ്ഞു മുറുകിയത്. സംസാരശേഷിയും വേണ്ടത്ര ചലനശേഷിയും ഇല്ലാത്ത ധന്യ തിരുവനന്തപുരത്ത് അമ്മയോടൊപ്പം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ നേതൃത്വത്തില്‍ നടന്ന കഞ്ഞിവെപ്പ് സമരത്തില്‍ പങ്കെടുത്തപ്പോഴാണ് അവിടെ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ സുരേഷ് ഗോപി ധന്യയെ ശ്രദ്ധിച്ചത്. ഇതിനു മുമ്പ് സുരേഷ്‌ഗോപിയെ ധന്യയെക്കുറിച്ചുള്ള വിവരങ്ങളും അവരുടെ ദൈന്യതയും അംബികാസുതന്‍ മാങ്ങാടും അമ്പലത്തറ കുഞ്ഞികൃഷ്ണനും ധരിപ്പിച്ചിരുന്നു.
ധന്യയെ നേരിട്ട് കണ്ടതോടെ മനമലിഞ്ഞ സുരേഷ്‌ഗോപി വീട് നിര്‍മാണത്തിന് നാലര ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും വീട് നിര്‍മ്മാണ ചുമതല അംബികാസുതന്‍മാങ്ങാടിനെ ഏല്‍പ്പിക്കുകയും ചെയ്തു. ബാക്കി തുക നാട്ടുകാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പിരിച്ചെടുത്തു.
പരിസരത്തെ കുടുംബശ്രീ പ്രവര്‍ത്തകരും പാര്‍ക്കോ ക്ലബ്ബ് അംഗങ്ങളും കൈമെയ്യ് മറന്ന് വീട് നിര്‍മ്മിക്കാനുള്ള ജോലിയില്‍ വ്യാപൃതരായി മുന്നിട്ടിറങ്ങുകയും ചെയ്തു. ധന്യയും സഹോദരി ഗീതയും അമ്മ നളിനിയും കുടുംബ വീട്ടിലാണ് താമസം. കുടുംബ സ്വത്തായി ലഭിച്ച മൂന്ന് സെന്റ് സ്ഥലത്താണ് പുതിയ വീട് പണിതിട്ടുള്ളത്. വീട് നിര്‍മ്മാണം രണ്ട് മാസം മുമ്പ് പൂര്‍ത്തിയായെങ്കിലും സുരേഷ് ഗോപി തന്നെ പാല്‍ കാച്ചല്‍ ചടങ്ങ് നടത്തണമെന്ന ആഗ്രഹം കൊണ്ട് ഗൃഹ പ്രവേശനം നീട്ടിവെക്കുകയായിരുന്നു.
ജനുവരി 5 ന് കാഞ്ഞങ്ങാട്ടെ ചില പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന സുരേഷ് ഗോപി അന്ന് രാവിലെ കിഴക്കുംകരയിലെ 'ഗോപീഥ'ത്തിലെത്തി പാല്‍ കാച്ചും. ഇതോടെ ആലമ്പാടി സ്‌കൂളില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ടീച്ചറായി ജോലി നോക്കുന്ന നളിനിക്കും ചെന്നൈ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എ ക്ക് പഠിക്കുന്ന സഹോദരി ഗീതുവിനും ഒപ്പം ധന്യക്കും തലചായ്ക്കാന്‍ 'ഗോപീഥത്തില്‍' ഇനി ഒരിടമായി.
നെഹ്‌റു കോളേജ് സാഹിത്യ വേദിയുടെ മേല്‍ നോട്ടത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന നാലാമത്തെ വീടാണിത്. അഞ്ചാമത്തെ വീടിന്റെ നിര്‍മ്മാണം കാസര്‍കോടിനടുത്ത എരുതും കടവില്‍ നടന്നു വരുന്നു.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment