Latest News

രാജ്യാന്തര തൊഴില്‍ തട്ടിപ്പു സംഘത്തലവന്‍ പിടിയില്‍

കൊച്ചി: വിദേശത്തു പൂട്ടാന്‍ ഒരുങ്ങുന്ന കമ്പനികളിലേക്ക് ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുന്ന രാജ്യാന്തര തൊഴില്‍ തട്ടിപ്പു സംഘത്തിലെ മുഖ്യകണ്ണിയെ കൊച്ചി സിറ്റി പൊലീസ് ന്യൂഡല്‍ഹിയില്‍ നിന്നു പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് അലി(43)യാണു പിടിയിലായത്. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബാംഗളൂരു, കൊച്ചി നഗരങ്ങള്‍ കേന്ദ്രീകരിച്ച് 80 കോടിയുടെ തട്ടിപ്പു നടത്തിയതായി പൊലീസ് പറഞ്ഞു.

കൊല്‍ക്കത്തയില്‍ ഒഴികെ ഇന്ത്യയിലെ മുഴുവന്‍ നഗരങ്ങളിലും തട്ടിപ്പു സംഘത്തിന് ഏജന്റുമാരുണ്ട്. കേരളത്തില്‍ നില്‍ക്കാന്‍ കഴിയാതായതോടെ ന്യൂഡല്‍ഹി ഗൗതം നഗറില്‍ താമസമാക്കി തട്ടിപ്പു തുടരുകയായിരുന്നു മുഹമ്മദ് അലി. ന്യൂഡല്‍ഹി പൊലീസിനെ സ്വാധീനിച്ചു രണ്ടു വര്‍ഷമായി കേസും അറസ്റ്റും ഒഴിവാക്കിയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയാണു പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിനു ഡല്‍ഹി പൊലീസിന്റെ സഹകരണം ലഭിച്ചില്ല. പ്രതിയുടെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ നിസാ ട്രാവല്‍സ് ഓഫിസ് പൊലീസ് ബുധനാഴ്ച അടച്ചുപൂട്ടി.

കൊച്ചി സിറ്റി പൊലീസില്‍ എഴുപതു പേര്‍ പരാതി നല്‍കി. ഇവരിലധികവും നഴ്‌സിങ് ജോലി മോഹിച്ചു സംഘത്തിന്റെ വലയില്‍ വീണവരാണ്. അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെയാണു തൊഴിലിന് ഇടാക്കുന്നത്. ഒരു ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്യും. ഗള്‍ഫ് രാജ്യങ്ങളിലേക്കും ചില യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമായിരുന്നു റിക്രൂട്ട്‌മെന്റ്. എണ്ണക്കിണര്‍, കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണ കരാര്‍ ഏറ്റെടുക്കുന്ന കമ്പനികളുടെ പ്രവര്‍ത്തന കാലാവധി മുന്‍കൂട്ടി കണ്ടെത്തിയ ശേഷമാണു തട്ടിപ്പിനു വഴിയൊരുക്കുന്നത്.

കരാര്‍ അവസാനിക്കാന്‍ രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കമ്പനികളിലെ ഇടത്തരം ഉദ്യോഗസ്ഥരെ പാട്ടിലാക്കുകയാണു തട്ടിപ്പിന്റെ ആദ്യപടി. ഇവരുടെ സഹകരണത്തോടെ കമ്പനികളിലേക്കു ജീവനക്കാരെ റിക്രൂട്ട്‌ചെയ്യും. ആദ്യ ശമ്പളം ലഭിക്കുന്നതോടെ ഉദ്യോഗാര്‍ഥികള്‍ക്കു വിശ്വാസം കൂടും. പത്തുലക്ഷം രൂപ നല്‍കേണ്ടി വരുന്നതു നഷ്ടമായി ആരും കരുതില്ലെന്നതാണു തട്ടിപ്പുകാരുടെ വിജയം.

എന്നാല്‍, മൂന്നോ നാലോ മാസങ്ങള്‍ കഴിഞ്ഞു ജോലി നഷ്ടമാകുമ്പോഴാണു തട്ടിപ്പിന്റെ വിവരം ഇരകള്‍ അറിയുന്നത്. ഏജന്‍സിയെ വിളിച്ചു പരാതി പറയുമ്പോള്‍, ഇത്തരം സാഹചര്യം അവിചാരിതമാണെന്നും കൂടുതല്‍ ശമ്പളമുള്ള മറ്റൊരു ജോലി തരപ്പെടുത്താമെന്നും വാദ്ഗാനം ചെയ്യും. ഇതു പാലിക്കാതെ വന്നപ്പോഴാണു പലരും വലിയ കടബാധ്യതയോടെ നാട്ടില്‍ തിരികെ എത്തി നിയമനടപടികള്‍ക്ക് ഒരുങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.