Latest News

രണ്ടു കുട്ടികള്‍ മാത്രമുള്ളത് കുറ്റകരമാക്കണമെന്ന് തൊഗാഡിയ

ന്യൂഡല്‍ഹി: രണ്ടു കുട്ടികള്‍ മാത്രമുള്ള രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു. ഹിന്ദുസ്ത്രീകള്‍ നാലു മക്കള്‍ക്ക് ജന്മം നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പാര്‍ട്ടി എം.പിയായ സാക്ഷി മഹാരാജിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിന് പിറകെയാണ് അതിലും കടുത്ത വാദവുമായി തൊഗാഡിയ രംഗത്തത്തെിയത്.

ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. പക്ഷേ, ഈ വിഷയം ഉയര്‍ത്തുമ്പോഴെല്ലാം വിവാദമാവുന്നു. അതിനാല്‍ രണ്ടു കുട്ടികള്‍ മാത്രമുള്ളത് കുറ്റമായി കണക്കാക്കുന്ന നിയമം ഉണ്ടാക്കുകയാണ് വേണ്ടത്. 

ഹിന്ദുക്കളുടെ ജനസംഖ്യ ദിനേന വര്‍ധിച്ചാല്‍ കാന്തഹാറിലും ലാഹോറിലും ധാക്കയിലും ത്രിവര്‍ണ പതാക പാറിപ്പിക്കാന്‍ കഴിയും. എന്നാല്‍, ഹിന്ദുക്കള്‍ അവരുടെ പ്രശ്നം പറയുമ്പോഴേക്കും നേതാക്കള്‍ എന്നു പറയുന്നവരെല്ലാം മതേതരക്കാരായി മാറും. ഹിന്ദുവാണ് മതപരിവര്‍ത്തനം അനുഭവിക്കുന്നത്. മറ്റൊരാളും ആ വേദന മനസ്സിലാക്കുന്നില്ല. അവകാശങ്ങളെക്കുറിച്ചും അവഹേളിക്കുന്നവരെ കുറിച്ചും ഹിന്ദുക്കള്‍ ബോധവാന്മാരാകണം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്നും തൊഗാഡിയ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കി ഹിന്ദുമതത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സാക്ഷി നോട്ടീസ് കൈപ്പറ്റും മുമ്പേ ഓരോ ഹിന്ദുവിനും അഞ്ച് കുട്ടികള്‍ വീതം വേണമെന്ന നിര്‍ദേശവുമായി പശ്ചിമ ബംഗാളിലെ ബി.ജെ.പി നേതാവ് ശ്യാമള്‍ ഗോസ്വാമി രംഗത്തത്തെിയത് നേതൃത്വത്തെ വീണ്ടും പ്രതിരോധത്തിലാക്കി. 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് സാക്ഷി മഹാരാജിന് നോട്ടീസ് നല്‍കിയത്.

മാനഭംഗക്കേസുകളിലും കൊലക്കേസിലും പ്രതിയായിരുന്ന സാക്ഷി മഹാരാജ് ജനുവരി ഏഴിന് മീറത്തില്‍ സന്യാസിമാരുടെ യോഗത്തിലാണ് പരാമര്‍ശം നടത്തിയത്. പരാമര്‍ശം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നുമായിരുന്നു ബി.ജെ.പി വാദം. പ്രവര്‍ത്തകര്‍ വിവാദ പ്രസ്താവനകളില്‍നിന്ന് വിട്ടുനിന്ന് പ്രവര്‍ത്തിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.