Latest News

രാസ പരീക്ഷണത്തിനിടെ പൊള്ളലേറ്റ വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: വീട്ടില്‍ രാസ പരീക്ഷണത്തിനിടെ പൊള്ളലേറ്റ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പൊന്നുരുന്നി മഞ്ഞാടിപ്പറമ്പില്‍ വീട്ടില്‍ വിനയന്റെ മകള്‍ അമൃത വിശ്വ (15)മാണു മരിച്ചത്. നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. 

അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പാലാരിവട്ടം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: മണ്ണെണ്ണയും വിനാഗിരിയും യോജിപ്പിച്ചു പ്രത്യേക വാതകമുണ്ടാക്കുന്ന രാസപരീക്ഷണം 12 നു സ്‌കൂളിലെ ലാബില്‍ നടത്തിയിരുന്നു. വീട്ടിലെത്തിയ വിദ്യാര്‍ഥിനി ഇതു സ്വയം പരീക്ഷിക്കുന്നതിനിടെയാണു പൊള്ളലേറ്റത്.

മണ്ണെണ്ണയും വിനാഗിരിയും കലര്‍ത്തിയശേഷം തീപ്പെട്ടി ഉരച്ചു കത്തിക്കുകയായിരുന്നു. പരീക്ഷണം വീടിനകത്തായതിനാല്‍ കിടക്കയിലേക്കും തുണികളിലേക്കും തീ ആളിപ്പിടിച്ചു. ഇതിനിടെയാണു പൊള്ളലേറ്റത്. ഈ സമയം അമ്മൂമ്മയും അനുജനും വീടിനു പുറത്തുണ്ടായിരുന്നു. പുക പുറത്തേക്കു വരികയും അമൃതയുടെ നിലവിളി കേള്‍ക്കുകയും ചെയ്തപ്പോഴാണ് അപകടം ശ്രദ്ധയില്‍പെട്ടത്.

അതേസമയം, സ്‌കൂളില്‍ ഇത്തരം രാസ പരീക്ഷണം നടത്തിയില്ലെന്നാണു സ്‌കൂള്‍ അധികൃതരുടെ നിലപാട്. എഴുപതു ശതമാനത്തിലേറെ പൊള്ളലുമായാണ് അമൃതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. 

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ബേബിയാണ് അമൃതയുടെ മാതാവ്. ഏഴാം ക്ലാസ് വിദ്യാര്‍ഥി ആകാശ് സഹോദരനാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.