Latest News

ശബരിമല ഭണ്ഡാരത്തില്‍നിന്നു 16.62 ലക്ഷം അപഹരിച്ച 6 ജീവനക്കാര്‍ പിടിയില്‍

ശബരിമല: ശബരിമല ഭണ്ഡാരത്തില്‍ ഭക്തര്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും ഉള്‍പ്പെടെ അപഹരിച്ച ആറ് ദേവസ്വം ജീവനക്കാരെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ കറന്‍സി, വിദേശ കറന്‍സി, സ്വര്‍ണം ഉള്‍പ്പെടെ 16,62,725 രൂപയുടെ തട്ടിപ്പാണു ദേവസ്വം വിജിലന്‍സ് പിടികൂടിയത്.

ഭണ്ഡാരം ജീവനക്കാരായ കൊല്ലം മാര്‍ത്താണ്ഡം ദേവസ്വത്തിലെ പഞ്ചവാദ്യ കലാകാരന്‍ സജികുമാരപിള്ള(41), വര്‍ക്കല പരമേശ്വരം ദേവസ്വത്തിലെ ക്ഷേത്ര ജീവനക്കാരന്‍ പി.എച്ച്. ശ്യാംലാല്‍ (27), കൊട്ടാരക്കര നടകുളം ദേവസ്വത്തിലെ കഴകം ജീവനക്കാരന്‍ ജയദേവന്‍(46), കൊല്ലം മുഖത്തല ദേവസ്വത്തിലെ വി.പ്രശോഭ് (32), ഹരിപ്പാട് വാത്തിക്കുളങ്ങര ദേവസ്വത്തിലെ ജീവനക്കാരനായ ടി.ഗോപകുമാര്‍(28), നെയ്യാറ്റിന്‍കര മലയിന്‍കീഴ് ദേവസ്വത്തിലെ പഞ്ചവാദ്യം കലാകാരനായ ആര്‍.കര്‍ണദാസ് (30) എന്നിവരാണു പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 2,79,811 രൂപ വിലയുള്ള 11 ഗ്രാം സ്വര്‍ണം ഉള്‍പ്പെടെ 16,62,725 രൂപയാണു കണ്ടെടുത്തത്. ദേവസ്വം വിജിലന്‍സ് എസ്പി ടി.പി.ഗോപകുമാര്‍, എസ്‌ഐ ആര്‍.പ്രശാന്ത്, സിവില്‍ പോലീസ് ഓഫീസര്‍ ബിനു എന്നിവരാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ദേവസ്വം വിജിലന്‍സിനുണ്ടായ സംശയത്തെത്തുടര്‍ന്നു കഴിഞ്ഞ ഒരാഴ്ചയായി ഭണ്ഡാരം ജീവനക്കാരെ നിരീക്ഷിച്ചുവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചശേഷമാണ് ആറു പേരെയും കസ്റ്റഡിയിലെടുത്തത്.

ഭണ്ഡാരം ജീവനക്കാരനായ സജികുമാരപിള്ളയെ വ്യാഴാഴ്ച രാവിലെ 11നു ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ദേഹപരിശോധന നടത്തിയപ്പോള്‍ 1000 രൂപയുടെ 11 നോട്ടുകളും 500 രൂപയുടെ 28 നോട്ടുകളും ഉള്‍പ്പെടെ 25000 രൂപ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യംചെയ്തപ്പോള്‍ താമസസ്ഥലത്തെ ബാഗില്‍നിന്ന് 2,22,570 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 1,57,429 രൂപ വിലയുള്ള 61.19 ഗ്രാം സ്വര്‍ണാഭരണങ്ങളും 11,240 രൂപയുടെ വിദേശ കറന്‍സികളും കണ്ടെടുത്തു. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു തന്നോടൊപ്പം അഞ്ചുപേര്‍ കൂടി തട്ടിപ്പു സംഘത്തിലുള്ളതായി സജികുമാരപിള്ള സമ്മതിച്ചു. ഇവരെ പരിശോധിച്ചപ്പോള്‍ 10,65,000 രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 3,20,999 രൂപയുടെ വിദേശ കറന്‍സികളും കണ്ടെടുത്തു.

മലദ്വാരത്തിലും ശരീരത്തിലെ മറ്റു ഗുഹ്യഭാഗങ്ങളിലും ഏറ്റവും മോശമായതും അറപ്പുളവാക്കുന്നതുമായ തരത്തിലുമാണ് ഇവര്‍ കറന്‍സികളും സ്വര്‍ണവും കടത്തിവന്നതെന്നു വിജിലന്‍സ് സംഘം പറഞ്ഞു. ഇത്തരം ദൃശ്യങ്ങള്‍ സിസിടിവി കാമറകളിലും പതിഞ്ഞിരുന്നു. സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിരുന്നെങ്കിലും മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച തിരക്കൊഴിഞ്ഞശേഷം നടപടി മതിയെന്ന നിലപാടിലായിരുന്നു വിജിലന്‍സ് സംഘം. സന്നിധാനം പോലീസിനു കൈമാറിയ സംഘത്തെ വെളളിയാഴ്ച റാന്നി കോടതിയില്‍ ഹാജരാക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.