Latest News

കുച്ചിപ്പുടിയിലെ ‘കൃഷ്ണനാട്ടം’

ചിലമ്പൊലിയുടെ നൃത്തവിഭാതം വിടര്‍ന്നത് മൂന്നാം വേദിയില്‍ സാന്ധ്യശോഭ കഴിഞ്ഞ്. പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നാം നിലയിലെ മൂന്നാം വേദിയായ ശ്രീരഞ്ജിനിയില്‍ നീലാംബരി രാഗത്തിലെ ശ്ളോകത്തോടെയായിരുന്നു ഹയര്‍ സെക്കന്‍ഡറി ആണ്‍കുട്ടികളുടെ ആദ്യമത്സരം തുടങ്ങിയത്. രാഗമാലികയും താളമാലികയും കലയുടെ കളിയരങ്ങില്‍ തീര്‍ത്ത് ആണ്‍കുട്ടികള്‍ സംസ്ഥാന കലോത്സവത്തിന്‍െറ നിലവാരം കാത്തു.

‘ഉത്തുംഗോല്ലാസ നാസ’ എന്ന ശ്ളോകത്തില്‍നിന്ന് ശ്രീകൃഷ്ണ സ്തുതിയായ ‘മരഗതമണിമയചേല’ എന്ന ശുദ്ധസാവേരി കൃതിയില്‍ കൃഷ്ണലീലകളും കുചേലസംഗമവും വിടര്‍ന്നു. തുടര്‍ന്ന് മാനസസഞ്ചരരേ എന്ന ജനപ്രിയ കീര്‍ത്തനത്തിന്‍െറ അഭിനയ ചാരുതയായിരുന്നു. വിഷ്ണുവിന്‍െറ അനന്തശയനം മുതലുള്ള അവതാര വൈവിധ്യം. തുടര്‍ന്നും അന്നമാചാര്യരുടെ പ്രശസ്തമായ ‘വിനറോ ഭാഗ്യമു’ എന്ന തെലുങ്ക് കീര്‍ത്തനം. ഇടക്ക് പുരന്തരദാസര്‍ കീര്‍ത്തനം. ഇതിലും കൃഷ്ണലീലകള്‍. ഇന്ത്യന്‍ ക്ളാസിക്കല്‍ നൃത്തകലയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെടുന്ന ശ്രീകൃഷ്ണഭാവങ്ങളും അവതാര കഥാസന്ദര്‍ഭങ്ങളുംതന്നെയായിരുന്നു കുട്ടികള്‍ കൂടുതലായും അവതരിപ്പിച്ചതും. ശിവനടനവും പാലാഴിമഥനവും തുടങ്ങിയവയും നൃത്തഭാവത്തില്‍ പ്രതിഫലിച്ചു.

റെക്കോഡ് ചെയ്ത കീര്‍ത്തനങ്ങളുടെയും തില്ലാനയുടെയുമൊക്കെ അകമ്പടിയോടെയായതിനാല്‍ നിലവാരമുള്ള സംഗീതത്തിനും നട്ടുവാങ്കത്തിനും ജതിസ്വരങ്ങള്‍ക്കുമൊക്കെയാണ് കുട്ടികള്‍ താളചലനം തീര്‍ത്തത്. വീണയുടെയും വയലിന്‍െറയും സ്വരപ്രസ്ഥാരങ്ങളിലും താളാത്മക ചുവടുകള്‍. താളമാലികകള്‍ക്കൊത്ത് ചടുലനടനം നടത്തിയും കുച്ചിപ്പുടിയുടെ തനതായ ലയചലനത്തില്‍ അതിദ്രുതം കാലുകള്‍ ചലിപ്പിച്ചും കുട്ടികള്‍ ചിലപ്പോഴെങ്കിലും വിസ്മയം തീര്‍ത്തു. ട്രാഫിക് ബ്ളോക്കില്‍പെട്ട് പലര്‍ക്കും എത്തിപ്പെടാന്‍ കഴിയാഞ്ഞതോടെ ഒരു മണിക്കൂറിലേറെ വൈകിയാണ് മത്സരം തുടങ്ങിയത്.
(കടപ്പാട്: മാധ്യമം)
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.