Latest News

ഷിബിന്‍ വധം: യൂത്ത് ലീഗ് നേതാവടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍

നാദാപുരം: തൂണേരി വെള്ളൂരില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ പടയംകണ്ടി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ യൂത്ത് ലീഗ് പ്രാദേശിക നേതാവടക്കം മൂന്നുപേര്‍ കൂടി അറസ്റ്റില്‍.

തൂണേരി ഗ്രാമപ്പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി തൂണേരി മഠത്തില്‍ ഷുഹൈബ് (25), തൂണേരി എടാടി ഫസല്‍ (24), തൂണേരി മൊട്ടേമ്മല്‍ നാസര്‍ (36) എന്നിവരെയാണ് കുറ്റിയാടി സി.ഐ. ദിനേശ് കോറോത്ത് അറസ്റ്റ് ചെയ്തത്. ആക്രമണത്തിന് നേതൃത്വം കൊടുത്ത മുഖ്യപ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

ഇതോടെ കേസില്‍ ഏഴുപേര്‍ അറസ്റ്റിലായി. ആകെ 12 പ്രതികളാണുള്ളതെന്നും ഒരാളെ തിരിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു.
നാദാപുരം പോലീസ് നേരത്തേ ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ചിരുന്ന തെയ്യമ്പാടി ഇസ്മായിലിന്റെ (28) നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ഇതിന് നേതൃത്വം നല്‍കിയ ഇസ്മായിലിനെയും സഹോദരന്‍ മുനീറിനെയും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.

ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികള്‍ ഊര്‍ജിതമാക്കിയത്. കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത നാല് പേരില്‍ ഒരാളെ 18 വയസ്സ് തികയാത്തതിനാല്‍ കോഴിക്കോട് ജുവൈനല്‍ കോടതിയിലേക്ക് അയച്ചു.
ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് പ്രദേശത്തെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ 49 വീടുകളും 21 വാഹനങ്ങളും തകര്‍ത്തതായാണ് പോലീസ് പറയുന്നത്. പല വീടുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. 

നാദാപുരം, വളയം, എടച്ചേരി, കുറ്റിയാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പോലീസ് 10 ദിവസത്തേക്ക് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.