Latest News

കളിവിളക്കു തെളിഞ്ഞു; കലയുടെ ചിലങ്കയണിഞ്ഞ് കോഴിക്കോട്...

കോഴിക്കോട്: 55-ാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് മധുരത്തിന്‍െറ നഗരത്തില്‍ തിരി തെളിഞ്ഞു. സകലകലകളും വേഷം ചാര്‍ത്തിയ വേദിയിലെ കൊടിയേറ്റത്തിനുശേഷം ഘോഷയാത്ര ആരംഭിച്ചു.

ഘോഷയാത്രയിലണിനിരക്കാന്‍ ഉച്ചക്ക് മുമ്പെ വര്‍ണക്കൂട്ടങ്ങള്‍ നഗരത്തിന്‍റെ പടിഞ്ഞാറ് അറബിക്കടലിനരികെ തമ്പടിച്ചിരുന്നു. മൂന്ന് മണിയോടെ അവിടെ നിന്നൊഴുകിപ്പരന്ന ഘോഷയാത്ര നഗരം വലംവെച്ച് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ മുഖ്യവേദിയിലേക്ക് കയറുമ്പോള്‍ നാല് മണി കഴിഞ്ഞു. പ്രൗഢമായ വേദിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കളിവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.


അയ്യായിരത്തിലേറെ കുട്ടികളാണ് ഘോഷയാത്രയില്‍ പങ്കെടുത്തത്. കലയുടെ പൂങ്കാവനമായി മാറിയ നഗരം കാണികളുടെ കുത്തൊഴുക്കിലമര്‍ന്നു. സെല്‍ഫിക്കൂട്ടങ്ങള്‍ മേളനഗരിയില്‍ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. വേദികള്‍ കണ്ടുമടങ്ങാമെന്ന് കരുതി വരുന്നവരും നഗരത്തില്‍ തിരക്കേറ്റി.

മോഹനമെന്ന് പേരിട്ട ഒന്നാം വേദിയില്‍ ആദ്യചുവടുകള്‍ക്ക് മോഹിനിമാര്‍ കാത്തു നിന്നിരുന്നു. ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ട മല്‍സരമാണ് ഇവിടെ. പ്രോവിഡന്‍സ് ഹയര്‍സെക്കന്‍ഡറി ഓഡിറ്റോറിയത്തില്‍ കുച്ചുപ്പുടിക്കൊരുങ്ങി നില്‍ക്കുന്നവര്‍, സാമൂതിരി സ്കൂള്‍ ഗ്രൗണ്ടില്‍ കേരള നടനത്തിനൊരുങ്ങി നില്‍ക്കുന്നവര്‍..ടൗണ്‍ഹാളില്‍ നാടന്‍പാട്ടിന്‍െറ ശീലുകള്‍ ഉയര്‍ന്നു.....ആദ്യദിനത്തില്‍ തന്നെ 10 വേദികളാണുണരുന്നത്.

ഉച്ചക്ക് 12.30 ഓടെ വിദ്യഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യവേദിയിലത്തെുകയും വിക്ടേഴ്സ് ചാനല്‍ സ്റ്റുഡിയോ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.


സുരക്ഷ ഉറപ്പാക്കാന്‍ സര്‍വസന്നാഹത്തോടെ പൊലിസും ഏത് സാഹചര്യവും നേരിടാന്‍ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുമുണ്ട്. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റും ആംബുലന്‍സുകളും പൊലീസ് പരിശീലനം നേടിയ 750 എന്‍.എസ്.എസ് വളണ്ടിയര്‍മാരും രംഗത്തുണ്ട്. 1000ത്തോളം കുട്ടിപ്പൊലീസ് വേറെയുമുണ്ട്.
അടുക്കിലും ചിട്ടയിലും ഭക്ഷണശാലയും പ്രവര്‍ത്തിച്ചു തുടങ്ങി. ആദ്യദിനത്തില്‍ തന്നെ ആയിരങ്ങള്‍ക്ക് ഊണുവിളമ്പി.ബി.ഇ.എം സ്കൂളിലെ സംഘാടകസമിതി ഓഫിസില്‍ രാവിലെ മുതല്‍ വന്‍തിരക്കായിരുന്നു. ഇവിടെ ഇരുന്നാണ് ഡി.പി.ഐ മേള നിയന്ത്രിക്കുന്നത്. ബി.ഇ.എം സ്കൂളിലെ വിദ്യാര്‍ഥി അനഖയാണ് 55ാമത് മേളയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയസംഗീതത്തിനുള്ള അനഖയുടെ പേര് ഡി.പി.ഐ ഗോപാലകൃഷ്ണ ഭട്ട് രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.