Latest News

എണ്ണ വില: ഇച്ഛാശക്തിയോടെ നേരിടും: അബ്ദുല്ല രാജാവ്

റിയാദ്: എണ്ണ വില ഇടിയുന്നതില്‍ ആശങ്കയില്ലെന്നും ഉല്‍പാദനനിയന്ത്രണത്തിനില്ലെന്നും ഏറ്റവും വലിയ പെട്രോളിയം ഉല്‍പാദക രാഷ്ട്രമായ സൗദി അറേബ്യ. ആഗോള വിപണി നേരിടുന്ന സമ്മര്‍ദത്തില്‍ ആശങ്കപ്പെടാനില്ലെന്നും ഉറച്ച ഇച്ഛാശക്തിയോടെ ഈ സാഹചര്യത്തെ രാഷ്ട്രം നേരിടുമെന്നും രാജാവിനു വേണ്ടി സൗദി ശൂറാ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച വാര്‍ഷിക നയപ്രഖ്യാപനപ്രസംഗത്തില്‍ വ്യക്തമാക്കി. 

കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് പ്രഭാഷണം വായിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഡിസംബര്‍ 31 മുതല്‍ റിയാദിലെ നാഷനല്‍ ഗാര്‍ഡ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ് അബ്ദുല്ല രാജാവ്.

‘ഇതൊന്നും പുതിയ സംഭവ വികാസങ്ങളല്ല. ഇച്ഛാശക്തിയോടെയും വിവേകത്തോടെയും ഇത്തരം സാഹചര്യങ്ങളെ മുമ്പും കൈകാര്യം ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യങ്ങളെയും അതേ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യും’ പ്രസ്താവനയില്‍ പറഞ്ഞു. ഉല്‍പാദനം കുറയ്ക്കണമെന്ന ആവശ്യത്തോട് ഇതുവരെയും സൗദി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഉല്‍പാദനം കുറയ്ക്കില്ലെന്ന നിലപാട് കഴിഞ്ഞയാഴ്ചകളില്‍ പെട്രോളിയം വകുപ്പ് മന്ത്രി അലി അന്നുഐമി ആവര്‍ത്തിച്ചിരുന്നു. 

എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ ആഗോള കൂട്ടായ്മായ ‘ഒപെകി’ലെ ഗള്‍ഫ് ഇതര രാഷ്ട്രങ്ങള്‍ക്ക് ഉല്‍പാദനം കുറയ്ക്കണമെന്ന അഭിപ്രായമാണുള്ളത്. നടപ്പുവര്‍ഷം എണ്ണവില 60 ഡോളറില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് സൗദി അറേബ്യയുടെ പുതിയ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
Keywords: Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.