Latest News

ഉപജാപക സംഘത്തിന്റെ തലവനായി മുഖ്യമന്ത്രി മാറി: പിണറായി

കൂത്തുപറമ്പ്: ഉപജാപക സംഘത്തിന്റെ തലവനായി മുഖ്യമന്ത്രി മാറിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെല്ല് മാന്യത കല്‍പ്പിക്കുന്ന മുഖ്യമന്ത്രിയാണെങ്കില്‍ ആ സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോകേണ്ടതാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. 

സി പി എം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ (ഇ നാരായണന്‍ നഗറില്‍) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല. നേരത്തെ തന്നെ ഇറങ്ങിപ്പോകേണ്ടതായിരുന്നു. കോടതിയുടെ പരാമര്‍ശങ്ങളൊന്നും തന്നെ തനിക്ക് ബാധകമല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. 

ബാര്‍ കോഴ പ്രശ്‌നത്തില്‍ വൃത്തികെട്ട കഥാപാത്രമായി മാണി മാറി. മാണി രാജിവെച്ച് അന്വേഷണം നേരിടുകയാണ് വേണ്ടത്. മാണി ഉമ്മന്‍ ചാണ്ടിയെ മാതൃകയാക്കുന്നതുകൊണ്ടാണ് രാജിവെക്കാത്തതെന്നും പിണറായി കുറ്റപ്പെടുത്തി.
അഴിമതി കാര്യത്തില്‍ പരസ്പരം പുറം ചൊറിയുന്ന അവസ്ഥയാണ് യു ഡി എഫില്‍ നിലനില്‍ക്കുന്നത്. കേരളം നേടിയ നേട്ടങ്ങള്‍ എല്ലാം തകര്‍ക്കുന്ന നയമാണ് യു ഡി എഫ് സ്വീകരിക്കുന്നത്. ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ചു. ഇതെല്ലാം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നത്. അടിസ്ഥനമേഖലകളില്‍ വന്‍ കുതിപ്പ് ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഇതെല്ലാം തകര്‍ക്കുക എന്ന നയമാണ് യു ഡി എഫ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

പുറം കരാറിലൂടെ ജോലിക്കെടുക്കാന്‍ വേണ്ടി നിലവിലുള്ള 35,000 തസ്തികകള്‍ നിര്‍ത്തലാക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗത വ്യവസായ മേഖല ആകെ തകര്‍ത്തു. ആരോഗ്യം വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും തകര്‍ത്തു. കാര്‍ഷിക മേഖല അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും മാത്രമല്ല, കേന്ദ്രത്തോട് ചോദിച്ച് വാങ്ങാനുള്ള കെല്‍പ്പ് പോലും മുഖ്യമന്ത്രിക്കില്ല. 

ക്രമസമാധാനം നിലയുടെ തകര്‍ച്ച, സാമ്പത്തീക പ്രതിസന്ധിയുടെ ആഴം എന്നിവ അനുദിനം ഏറിവരികയാണ്. ശമ്പളവും പെന്‍ഷനും മാത്രം നല്‍കാന്‍ മാസത്തില്‍ 12,000 കോടി കടമെടുക്കുകയാണ് ചെയ്യുന്നത്. കടഭാരം പേറിക്കൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥയാണുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിലക്കയറ്റവും അഴിമതിയും വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക രംഗം തകര്‍ത്തെറിയുന്ന കാഴ്ചയാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്നും പിണറായി തുടര്‍ന്നു. 

 ആണവ അപകടം ഉണ്ടായാല്‍ ഇരകള്‍ക്കുള്ള ആശ്വാസം നിഷേധിക്കുന്ന നയമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം ഇന്ത്യയ്ക്ക് ഒരു നേട്ടവുമുണ്ടാക്കിയിട്ടില്ലെന്നും പിണറായി പറഞ്ഞു.
കേരളത്തിന്റെ നവോത്ഥാനത്തിന് വലിയ പങ്ക് വഹിച്ച ചില സമുദായ സംഘടനകള്‍ ഇപ്പോള്‍ ആര്‍ എസ് എസിന്റെ പിന്നാലെ നടക്കുകയാണ്. നക്കാപ്പിച്ച കിട്ടുമെന്നും അധികാരമോഹവും അവര്‍ക്കുണ്ടാവും. അതിന് വേണ്ടി വായില്‍ വെള്ളമൂറി ഇത്തരം സംഘടനകള്‍ ആര്‍ എസ് എസിന്റെ പിന്നാലെ നടക്കുന്നു. ഉമ്മന്‍ചാണ്ടിയാണെങ്കില്‍ ആര്‍ എസ് എസിന്റെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പുനര്‍ മത പരിവര്‍ത്തനം നടത്തുമ്പോള്‍ അതിന്റെ പേരില്‍ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പരസ്യമായി പ്രസ്താവിച്ചു. 

ആര്‍ എസ് എസുകാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാനും ഉമ്മന്‍ചാണ്ടി തയ്യാറായി.
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടുന്ന ആളാണ് മുഖ്യമന്ത്രി. ഇത്തരമൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ല. സോളാര്‍ അഴിമതിയും ബാര്‍കോഴയും കൂടാതെ നിരവധി ആരോപണങ്ങള്‍ സര്‍ക്കാറിനെതിരെയുണ്ട്. 

ഇതെല്ലാം ഉന്നയിച്ചത് പ്രതിപക്ഷമോ സി പി എമ്മോ അല്ല. പൊതുമരാമത്ത് മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചത് യു ഡി എഫിന്റെ എം എല്‍ എയായ കെ ബി ഗണേഷ് കുമാറാണ്. ആരോപണം ഉന്നയിച്ചയാളോട് നിങ്ങള്‍ ഇനി യു ഡി എഫില്‍ വരേണ്ട എന്ന് അഴിമതിക്കാരോട് നിങ്ങള്‍ കൊള്ളയടി തുടര്‍ന്നുകൊള്ളൂ എന്നുമാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഈ അഴിമതികളിലൂടെ യു ഡി എഫ് സര്‍ക്കാര്‍ മാത്രമല്ല ഈ നാട് ഒട്ടാകെയാണ് അപമാനിതരായത്.
നേരത്തെ മുതിര്‍ന്ന അംഗം പി വി കൃഷ്ണന്‍ പതാകയുയര്‍ത്തി. ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് നേതാക്കളായ പിണറായി വിജയന്‍, കോടിയേരി, പി ജയരാജന്‍, ഇ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

21 കുട്ടികള്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. എം വി ജയരാജന്‍, ഒ വി നാരായണന്‍, റംല പക്കര്‍, ബിനോയ് കുര്യന്‍, കെ മോഹനന്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടിയില്‍ നിയന്ത്രിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.