മഞ്ചേശ്വരം: വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം നഗ്നനാക്കുകയും പിന്നീട് മൊബൈലില്‍ ഫോട്ടോ എടുത്ത ശേഷം വഴിയരികില്‍ തള്ളുകയും ചെയ്തതായി പരാതി. സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരം സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥി മഞ്ചേശ്വരത്തെ ഇബ്രാഹിം ഹാജിയുടെ മകന്‍ ഉസ്മാനാണ്(17) മര്‍ദ്ദനത്തിനിരയായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവമെന്ന് ഉസ്മാന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് വച്ച് സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചംഗ സംഘം ബലമായി പിടിച്ച് കാറില്‍ കയറ്റുകയായിരുന്നു.
കാറില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഘം മഞ്ചേശ്വരത്തെ ജെ.എം റോഡിലെ ഒരു വീട്ടില്‍ കൊണ്ടുപോവുകയും അവിടെ വെച്ച് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവത്രെ. പിന്നീട് വസ്ത്രങ്ങളൊക്കെ അഴിച്ച് നഗ്നനാക്കിയ ശേഷം മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയായിരുന്നു. ഇതിന് ശേഷം തൊട്ടുസമീപത്തെ ഒരു വീട്ടില്‍ കൊണ്ടുപോയും മര്‍ദ്ദിക്കുകയായിരുന്നു.
ഈ വീട്ടില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടേയും സഹോദരങ്ങളുടേയും മുന്നില്‍ വെച്ചും മര്‍ദ്ദനം തുടര്‍ന്നു. രാത്രി പത്ത് മണിയോടെ സംഘം വീണ്ടും കാറില്‍ കയറ്റി മഞ്ചേശ്വരത്തെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് മഞ്ചേശ്വരം പൊലീസ് അന്വേഷിച്ചുവരികയാണ്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment