Latest News

മലപ്പുറത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ നാലു മരണം

മലപ്പുറം: ദേശീയപാത ചേലേമ്പ്ര ഇടിമൂഴിക്കലിലും വെളിമുക്കിലുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ദമ്പതിമാരടക്കം നാലുപേര്‍ മരിച്ചു. ഇടിമൂഴിക്കല്‍ പുല്ലിപറമ്പ് ജങ്ഷനില്‍ വച്ച് കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന ലോറി ബൈക്കിലിടിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചെനക്കല്‍ പെരിങ്കടക്കാട്ട് പുതിയപറമ്പ് വീട്ടില്‍ നിഷാദ് (30), ഭാര്യ നിലമ്പൂര്‍ പോത്തുകല്ലിലെ ഫാത്തിമ-സെയ്ദ് ദമ്പതികളുടെ മകള്‍ ഫസ്‌ല (27) എന്നിവരാണു മരിച്ചത്.

ഇവരുടെ ഏകമകള്‍ അബ്രിന്‍ ഇഹ്‌സാന്‍ (3) അദ്ഭുതകരമായി രക്ഷപ്പെട്ടു. ഫസ്‌ല കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സയന്‍സ് ഡിപാര്‍ട്ട്‌മെന്റില്‍ ട്യൂട്ടറാണ്. ഇവരോടൊപ്പം ജോലി ചെയ്യുന്നയാളുടെ ഓമശ്ശേരിയിലെ വിവാഹവീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നടുറോഡില്‍ തെറിച്ചുവീണ ദമ്പതിമാരുടെ ദേഹത്തുകൂടി കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് കയറിയിറങ്ങുകയായിരുന്നു.

ചേലേമ്പ്രയില്‍ മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന ദേശീയപാത നിര്‍മാണത്തിലെ പാളിച്ചയാണ് അപകടത്തിനു കാരണമായത്. റോഡിലെ തകരാര്‍ കാരണം ഇവിടെ അപകടം നിത്യസംഭവമാണ്. നിഷാദ് ചെനക്കല്‍ സഹൃദയ സാംസ്‌കാരിക കേന്ദ്രത്തിന്റെ സജീവ പ്രവര്‍ത്തകനാണ്.—നിഷാദിന്റെ പിതാവ്: മമ്മദ് (റിട്ട. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി). മാതാവ്: കദീജ. സഹോദരങ്ങള്‍: നിഷാത്ത്, ജിഷാദ് (സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് നെടുങ്ങോട്ടുമാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

വെളിമുക്കില്‍ ബൈക്കുകളും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചേളാരി ചെനക്കലങ്ങാടി സ്വദേശികളായ മണക്കടവന്‍ സെയ്തലവിയുടെ മകന്‍ ഫാസിര്‍ (19), കൂരിത്തൊടിക കുഞ്ഞിമൊയ്തീന്റെ മകന്‍ മുഹമ്മദ് റാസിഖ് (20) എന്നിവരാണു മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് അപകടം. രണ്ടു ബൈക്കുകള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ ചേളാരി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രക്കാരായിരുന്ന മുഹമ്മദ് റാസിഖും ഫാസിറും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടത്തില്‍പ്പെട്ട മറ്റൊരു ബൈക്കിലെ യാത്രക്കാരായ വലിയപറമ്പ് സ്വദേശി യൂസുഫും കൂടെയുണ്ടായിരുന്ന മൂന്നുവയസ്സുള്ള കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് റാസിഖും ഫാസിറും മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ഒരു കല്ല്യാണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം തേഞ്ഞിപ്പലം പടിഞ്ഞാറെ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി. മരിച്ച ഫാസിറിന്റെ മാതാവ്: സഫിയ, സഹോദരങ്ങള്‍: സിനാന്‍, സാനിദ്, സഫീറ

മുഹമ്മദ് റാസിഖിന്റെ മാതാവ് ഫാത്തിമ, സഹോദരങ്ങള്‍: റഫീഖ്, റാഷിദ്, റാഹിബ
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.