Latest News

കലോത്സവത്തിന് വ്യാജരേഖ: പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

ഉദുമ: വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ തെറ്റിധരിപ്പിച്ച് ഉദുമ ഗവ. ഹയര്‍ സെക്കണ്ടി സ്‌കൂള്‍ ടീം സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുത്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പിന്‍സിപ്പല്‍ കെ. പ്രഭാകരന്‍, സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗം കലോല്‍സവ ടീം മാനേജരായിരുന്ന കംപ്യൂട്ടര്‍ അധ്യാപകന്‍ സി.പി. അഭിരാം, ലോകായുക്തയില്‍ ഹര്‍ജി നല്‍കിയ കുട്ടിയുടെ പിതാവായ പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.

ഉദുമ സ്‌കൂള്‍ സംഘം വ്യാജരേഖയുണ്ടാക്കി ലോകായുക്തയെ കബളിപ്പിച്ച് സംസ്ഥാന കലോല്‍സവത്തില്‍ പങ്കെടുത്തുവെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ഗോപാല കൃഷ്ണ ഭട്ടിന്റെ നിര്‍ദേശത്തില്‍ കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. രാഘവന്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വ്യാജരേഖ ഉണ്ടാക്കല്‍, ചതിക്കാനായി വ്യാജ രേഖ ഉണ്ടാക്കല്‍, വ്യാജ രേഖ അസല്‍ രേഖയാക്കി കബളിപ്പിക്കല്‍ (ഐപിസി 420, 465, 468, 471) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂള്‍, വിദ്യാഭ്യാസ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ രേഖകള്‍ കണ്ടെത്തുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാജരേഖയുടെ ഉറവിടം കണ്ടെത്തി കൂടുതല്‍ പേര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ കൂടി ഇതില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.