Latest News

നിലമ്പൂര്‍ രാധ വധം: രണ്ടു പ്രതികള്‍ കുറ്റക്കാരെന്നു കോടതി

മഞ്ചേരി: നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി വിധിച്ചു. ഇവരുടെ ശിക്ഷ കോടതി വ്യാഴാഴ്ച പ്രഖ്യാപിക്കും. 

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായിരുന്ന ബി.കെ. ബിജു നായര്‍, സുഹൃത്ത് കുന്നശേരി ഷംസുദീന്‍ എന്ന ബാപ്പുട്ടി (29) എന്നിവരാണു പ്രതികള്‍. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്)യാണു കേസില്‍ വിധി പറയുന്നത്.

2014 ഫെബ്രുവരി അഞ്ചിനു രാവിലെ ഒമ്പതര മണിക്കാണു കേസിനാസ്പദമായ സംഭവമുണ്ടായത്. കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ ശ്വാസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി അമരമ്പലം ചുള്ളിയോട് ഉണ്ണിക്കുളം പൂളക്കല്‍ കുമാരന്റെ ഉടമസ്ഥതയിലുള്ള കുളത്തില്‍ ഉപേക്ഷിച്ചുവെന്നുമാണു പ്രോസിക്യൂഷന്‍ കേസ്.

രാധയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ഫെബ്രുവരി ഒന്‍പതിനു വൈകുന്നേരമാണു മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണെ്ടത്തിയത്. 10നു രാവിലെ കുളം വറ്റിച്ചു മൃതദേഹം പുറത്തെടുത്തു ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. അന്നു വൈകുന്നേരംതന്നെ പ്രതികള്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണു കേസന്വേഷണം പൂര്‍ത്തിയാക്കിയത്.

245 സാക്ഷികളില്‍ 108 പേരെ ജസ്റ്റീസ് പി.എസ്. ശശികുമാര്‍ മുമ്പാകെ വിസ്തരിച്ചു. ഇതില്‍ ഒന്നാം പ്രതിയുടെ ഭാര്യാസഹോദരി ഷീബ, രണ്ടാം പ്രതിയുടെ ഭാര്യ, ഭാര്യാപിതാവ് സിദ്ദീഖലി അടക്കം നാലുപേര്‍ കൂറുമാറിയിരുന്നു. രണ്ടായിരത്തിലധികം പേജ് അടങ്ങിയതാണു സാക്ഷിമൊഴി. ജനനേന്ദ്രിയത്തിലേറ്റ മുറിവാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ മാനഭംഗം എന്ന വകുപ്പ് നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയ ശേഷമുണ്ടായിട്ടുള്ള സംസ്ഥാനത്തെ ആദ്യ കേസാണിത്. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്തിയ ആദ്യ കേസുകൂടിയാണിത്. 
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.