Latest News

പീഡന ഇരയുടെ പേര് വെളിപ്പെടുത്തിയ കണ്ണൂര്‍ ഡി.ഡി.ഇക്കെതിരെ കേസ്

പയ്യന്നൂര്‍: ദലിത് വിദ്യാര്‍ഥിനിയായ 15കാരിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ മഠത്തിലിനെതിരെ കേസെടുത്തു. ഇരയായ വിദ്യാര്‍ഥിനിയുടെ പേര് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞുവെന്നതിനാണ് പരിയാരം പൊലീസ് കേസെടുത്തത്.

തളിപ്പറമ്പ് ഡിവൈ.എസ്.പി എസ്. സുരേന്ദ്രന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കടമ്പൂര്‍ സ്കൂളില്‍ വിദ്യാര്‍ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി സംബന്ധിച്ച പ്രശ്നത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ ദിനേശന്‍ മഠത്തില്‍ സസ്പെന്‍ഷനിലാണ്.

ചെറുതാഴം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയെയാണ് സ്കൂളിലെ അധ്യാപകന്‍ അനില്‍കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17നാണ് വിദ്യാര്‍ഥിനി പ്രധാനാധ്യാപകന് പരാതി നല്‍കിയത്. തുടര്‍ന്ന് പരിയാരം പൊലീസിലും പരാതി നല്‍കി. സംഭവത്തില്‍ അനില്‍ കുമാറിനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. എന്നാല്‍, വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിന് രണ്ടാംപ്രതി ചേര്‍ത്ത് പ്രധാനാധ്യാപകന്‍ എം. മോഹനനെതിരെയും കേസെടുത്തിരുന്നു. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് ഡി.ഡി.ഇയെ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.

കഴിഞ്ഞ നവംബര്‍ 11ന് കണ്ണൂര്‍ പ്രസ്ക്ളബില്‍ ജില്ലാ കായികമേള സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിനിടയിലാണ് ഡി.ഡി.ഇ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതി വായിച്ചത്. ഇതിനിടയില്‍ കുട്ടിയുടെ പേരു വെളിപ്പെടുത്തി. ക്രൈം നമ്പര്‍ 687/14 പ്രകാരമാണ് ഡി.ഡി.ഇക്കെതിരെ കേസെടുത്തത്. പേരു വെളിപ്പെടുത്തിയതിനെതിരെ ഡി.ഡി.ഇക്കെതിരെ കോടതിയില്‍ പൊതുതാല്‍പര്യ ഹരജിയുമുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.