Latest News

ബസിടിച്ച് യുവാവ് മരിച്ചു: ബസിന് നാട്ടുകാര്‍ തീയിട്ടു

കൊച്ചി : ചിറ്റൂര്‍ പെട്രോള്‍ പമ്പിനു സമീപം സ്വകാര്യ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ചിറ്റൂര്‍ വൈമേലിയില്‍ വി.പി ജോര്‍ജിന്റെ മകന്‍ സേവ്യര്‍ ഫ്രെജിയാണ് (20) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. സംഭവസ്ഥലത്ത് ഓടിക്കൂടിയ ചിലര്‍ ബസ് കത്തിച്ചു. ചിറ്റൂര്‍ ഫെറി-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പനയ്ക്കല്‍ ബസാണ് അപകടമുണ്ടാക്കിയത്.

ഊണു കഴിക്കാന്‍ സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്കു പോകവേ ചിറ്റൂര്‍ പെട്രോള്‍ പമ്പിന് അടുത്താണു ഫ്രെജി അപകടത്തില്‍പ്പെട്ടത്. പമ്പിനു സമീപമുള്ള വഴിയില്‍ നിന്ന് പുറകോട്ടു വന്ന കാറില്‍ തട്ടാതിരിക്കാന്‍ ബ്രേക്കിടുന്നതിനിടെ ബൈക്കിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന ഫ്രെജി ബസിനടിയിലേക്കു വീഴുകയായിരുന്നു. ബസിന്റെ ചക്രം തലയിലൂടെ കയറിയിറങ്ങിയ ഫ്രെജി തല്‍ക്ഷണം മരിച്ചു.

അപകട സ്ഥലത്തു നിന്നു മാറ്റിയിട്ട ബസ് പിന്നീട് ചിലര്‍ കത്തിക്കുകയായിരുന്നു. ആദ്യം ബസിന്റെ സീറ്റും ബോഡിയും കുത്തിക്കീറി. തുടര്‍ന്നു ബസിനു തീയിട്ടു. തീ പടര്‍ന്ന് സമീപത്തെ ആലയും സ്‌കൂട്ടറും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോമറിലേക്കും തീപടര്‍ന്നു.

ട്രാന്‍സ്‌ഫോമറിന്റെ കേബിളുകള്‍ കത്തിയെങ്കിലും തീ കൂടുതല്‍ പടരും മുന്‍പേ അഗ്നിശമന സേന തീകെടുത്തിയതോടെ വലിയ അപകടം ഒഴിവായി. ഫ്രെജിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചിറ്റൂര്‍ തിരുക്കുടുംബദേവാലയത്തില്‍ ബുധനാഴ്ച മൂന്നിനു സംസ്‌കരിക്കും. അമ്മ: ഷൈല. സഹോദരന്‍: ദേവസി ഫ്രെഡി.

വര്‍ക്ക്‌ഷോപ്പില്‍ ട്രെയിനിയായി ജോലി നോക്കുകയായിരുന്നു ഫ്രെജി. അപകടത്തെത്തുടര്‍ന്ന് ചിറ്റൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബുധനാഴ്ച ചിറ്റൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്നു ബസ് അസോസിയേഷനുകളുടെ കൂട്ടായ്മ അറിയിച്ചു. ബസ് കത്തിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ വ്യാഴാഴ്ച ജില്ലാ വ്യാപകമായി സമരം നടത്തുമെന്ന് ഇവര്‍ അറിയിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.