Latest News

സഹ്‌റത്തുല്‍ ഖുര്‍ആന്‍: അന്താരാഷ്ട്ര അധ്യാപക പരിശീലനം ആരംഭിച്ചു

കോഴിക്കോട്: മര്‍കസ് ആരംഭിച്ച രാജ്യത്തെ പ്രഥമ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രീ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്കുള്ള അന്താരാഷ്ട്ര പരിശീലനം ആരംഭിച്ചു. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപികമാര്‍ക്കുള്ള നാലു മാസത്തെ സമഗ്ര പരിശീലനമാണ് മര്‍കസില്‍ ആരംഭിച്ചത്.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈജിപ്തില്‍ നിന്നുള്ള പരിശീലകരാണ് ട്രെയിനിംഗിന് നേതൃത്വം നല്‍കുന്നത്.

വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി നിയമപ്രകാരം ഓതാന്‍ പരിശീലിപ്പിക്കുന്ന മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര നിലവാരമുള്ള കോഴ്‌സാണ് സഹ്‌റത്തുല്‍ ഖുര്‍ആന്‍. ഈജിപ്തില്‍ നിന്നുള്ള ഖുര്‍ആന്‍ പണ്ഡിതരും വിദ്യാഭ്യാസ-മന:ശാസ്ത്ര വിദഗ്ദ്ധരും പരിശീലനം നല്‍കും.

പ്രഥമഘട്ടത്തില്‍ കാരന്തൂര്‍, കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കും. മൂന്ന് വയസ്സായ കുട്ടികള്‍ക്കാണ് പ്രവേശനം. ഖുര്‍ആന്‍ ഉച്ചാരണ ശുദ്ധിയോടെ ഓതാനും മന:പാഠമാക്കാനും വേണ്ടി നിലവാരമുള്ള ഭൗതിക സൗകര്യങ്ങളോടെയാണ് പഠന കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ബാല മന:ശാസ്ത്ര വിദഗ്ധര്‍ തയ്യാര്‍ ചെയ്ത പ്രത്യേക സിലബസ് പ്രകാരമാണ് സഹ്‌റത്തുല്‍ ഖുര്‍ആന്‍ കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മര്‍കസ് അക്കാദമിക വിഭാഗം വിവിധ രാഷ്ട്രങ്ങളില്‍ സഞ്ചരിച്ച് ഒരു വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ നടത്തിയാണ് ഈ നൂതന സംരംഭത്തിന് രൂപകല്‍പന ചെയ്തത്.

മൂന്ന് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ നിലവിലുള്ള കെ.ജി സംവിധാനത്തിലുള്ള മുഴുവന്‍ കഴിവുകളും ലഭിക്കുന്നതോടൊപ്പം, ഖുര്‍ആന്‍ പൂര്‍ണമായി നിയമപ്രകാരം ഓതാന്‍ പഠിക്കുന്നു. രസകരവും ശാസ്ത്രീയവുമായ പഠന പരിശീലനത്തിലൂടെ ഭാഷകള്‍ കൈകാര്യം ചെയ്യാനും വ്യക്തിത്വ വികസനം, പംക്ച്വാലിറ്റി ട്രയിനിംങ് എന്നിവയിലൂടെ സോഫ്റ്റ് സ്‌കില്ലുകളും കുട്ടികള്‍ നേടിയെടുക്കുന്നു.

അധ്യാപകര്‍ക്കുള്ള ട്രയിനിംഗ് ഉദ്ഘാടനച്ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ഡോ.എം.എ.എച്ച് അസ്ഹരി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസി, അമീര്‍ ഹസന്‍ ഓസ്‌ട്രേലിയ, എം.അബ്ദു മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. റഷീദ് സഖാഫി, ഹനീഫ് അസ്ഹരി പങ്കെടുത്തു. ഡോ. അബൂബക്കര്‍ സ്വാഗതവും സി.പി സിറാജുദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.