Latest News

എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെക്ക് ഉജ്വല സമാപനം

തൃശൂര്‍: കൈരളിക്ക് സേവന സന്നദ്ധരായി കാല്‍ലക്ഷം വൊളന്റിയര്‍മാരെ സമ്മാനിച്ച് എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെക്ക് ഉജ്വല സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ സാഗരമായി ഒഴുകിയെത്തിയപ്പോള്‍ സാംസ്‌കാരിക നഗരി പാല്‍ക്കടലായി മാറി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 'വിഖായ വൊളന്റിയര്‍മാരെ നാടിനു സമര്‍പ്പിച്ചു.

മതേതരത്വം എന്ന വലിയ വികാരത്തിനു പോറലേല്‍പ്പിക്കാനുള്ള ശ്രമം ഏതു ഭാഗത്തു നിന്നായാലും ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മതേതരത്വം നമ്മുടെ പ്രാണവായുവാണ്. വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നവരുടെ യഥാര്‍ഥ മുഖം തുറന്നു കാട്ടണം. ഐക്യബോധത്തെ തകര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തണം. മുഖ്യമന്ത്രി പറഞ്ഞു.

സമാപന സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസല്യാര്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശേരി സൈനുദ്ദീന്‍ മുസല്യാര്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ബാപ്പു മുസല്യാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദു സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അയ്യൂബ് കൂളിമാട് എന്നിവര്‍ പ്രസംഗിച്ചു. 'പ്രവാസം സെഷന്‍ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ഡോ. എസ്.വി. മുഹമ്മദലി, സി.എ. മുഹമ്മദ് റഷീദ്, കെ.എന്‍.എസ്. മൗലവി എന്നിവര്‍ പ്രസംഗിച്ചു.

'കാരുണ്യം സെഷന്‍ ഉദ്ഘാടനം കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം ഫൈസി ആദ്യശേരി, അബ്ദു സലാം ഫൈസി എന്നിവര്‍ പ്രസംഗിച്ചു. എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടത്തിയ അദാലത്തില്‍ നിന്ന് തിരഞ്ഞെടുത്ത സംസ്ഥാനത്തെ മികച്ച അഞ്ച് ശാഖകള്‍ക്കും മേഖലകള്‍ക്കും പുരസ്‌കാരങ്ങള്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.