Latest News

എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനം;കാസര്‍കോട്ട് നിന്ന് 1815 സ്ഥിരം പ്രതിനിധികള്‍

കാസര്‍കോട്: ഈമാസം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം എടരിക്കോട് താജുല്‍ ഉലമാ നഗരിയില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലേക്ക് കാസര്‍കോട് ജില്ലയില്‍നിന്ന് 1875 സ്ഥിരം പ്രതിനിധികളുണ്ടാകും. 1083 സ്വഫ്‌വ കര്‍മസംഘവും വിവിധ ഘടകങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 732 പ്രതിനിധികളും.

സ്വഫ്‌വ അംഗങ്ങള്‍ 26ന് വൈകിട്ട് നടക്കുന്ന വിളംബര റാലിക്കായി ബുധനാഴ്ച രാത്രി പുറപ്പെടും. പ്രതിനിധി സമ്മേളനം 27ന് വൈകിട്ട് ആരംഭിക്കുന്നതിനാല്‍ മറ്റു പ്രതിനിധികള്‍ വെള്ളിയാഴ്ച പുലര്‍ച്ചെയേ പുറപ്പെടൂ.

ഇതിനു പുറമെ സമ്മേളന നഗരിയില്‍ നടക്കുന്ന 11 വിത്യസ്ത സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് 300 ലേറെ പ്രതിനിധികള്‍ വേറെയുമുണ്ടാകും. മാര്‍ച്ച് ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ക്കൊപ്പം ജില്ലയില്‍ നിന്ന് പതിനായിരത്തിലേറെയാളുകള്‍ പങ്കെടുക്കുന്നുണ്ട്. 250 ലധികം സ്‌പെഷ്യല്‍ വാഹനങ്ങള്‍ ബുക്ക് ചെയ്തതായി ജില്ലാ സംഘടനാ സമിതി ഓഫീസില്‍ വിവരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന കേരളായാത്രാ സമാപന സമ്മേളനത്തിനുശേഷം സംസ്ഥാനം ദര്‍ശിക്കുന്ന വിത്യസ്തവും പ്രൊഢവുമായ സമ്മേളനമാണ് മലപ്പുറം എടരിക്കോട്ട് നടക്കുന്നത്. 83 ഏക്കര്‍ വിസ്തൃതിയില്‍ ഒരുങ്ങിയ താജുല്‍ ഉലമാ നഗരിയുടെ വിസ്മയക്കാഴ്ചകളിലേക്ക് കാസര്‍കോട്ട് നിന്ന് പ്രവര്‍ത്തകരുടെ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്. കാസര്‍കോട്ട് നടന്ന ഹൈവേ മാര്‍ച്ച് സമാപന സമ്മേളനം നല്‍കിയ ആവേശം ജില്ലയില്‍ സമ്മേളന പ്രചാരണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

സ്ഥിരം പ്രതിനിധികള്‍ക്ക് ഭക്ഷണ-താമസ സൗകര്യങ്ങള്‍ സൗജന്യമായി ഒരുങ്ങിയിരിക്കുന്നതിന് പുറമെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും എല്ലാ പരിപാടികളും വീക്ഷിക്കുന്നതിന് നഗരിയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രൊഫഷല്‍ കോണ്‍ഫറന്‍സ് വ്യാപാരി വ്യവസായി സമ്മേളനം, തൊഴിലാളി സമ്മേളനം, ഇതര സംസ്ഥാന തൊഴിലാളി സമ്മേളനം, മത്സ്യത്തൊഴിലാളി സമ്മേളനം, കാമ്പസ് സമ്മിറ്റ്, പ്രവാസി സമ്മേളനം, സാന്ത്വനം ക്ലബ് കോണ്‍ഫറന്‍സ്, സ്ഥാപന മേധാവി സമ്മേളനം തുടങ്ങിയവയാണ് നഗരിയില്‍ മൂന്ന് ദിനങ്ങളില്‍ പ്രത്യേകം നടക്കുന്നത്.

രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ ബാര്‍കോഡ് മുദ്രണം ചെയ്ത് മുന്‍കൂട്ടി ബാഡ്ജ് നല്‍കിയിട്ടുണ്ട്. ബാര്‍കോഡ് റീഡ് ചെയ്ത് പ്രതിനിധികളെ നഗരിയിലേക്ക് പ്രവേശിക്കാന്‍ സംഘാടകര്‍ക്ക് ഇതുവഴി സൗകര്യമാകും. രജിസ്‌ട്രേഷന്‍ സംശയ നിവാരണത്തിന് ജില്ലയിലെ ഹെല്‍പ്പ്‌ലൈന്‍ 9747 200884.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.