Latest News

15 ലക്ഷം കോഴ ആവശ്യപ്പെട്ട ലീഗ് നേതാവ് കുടുങ്ങി

മലപ്പുറം: ബാര്‍കോഴ അഴിമതിയുടെ കറപുരുളാതിരുന്ന മുസ്ലീം ലീഗിലും മാണിക്കൊരു പിന്‍ഗാമി. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഫിറോസ് കള്ളിയിലാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിന് പണം ആവശ്യപ്പെടുന്നത്. 15 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. കൈരളി പീപ്പിള്‍ ടി വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

കലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് നിയമനത്തിന് ലിസ്റ്റ് നിലവിലുണ്ട്. ഇന്റര്‍വ്യൂ നടക്കുകയാണ്. ഇന്റര്‍വ്യൂവിനെത്തുന്നവരെയാണ് ഇടനിലക്കാര്‍ സമീപിക്കുന്നത്. ഇടനിലക്കാര്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചശേഷമാണ് ഫിറോസ് കള്ളിയിലിന്റെ അടുത്തെത്തുന്നത്. ഫിറോസാണ് പണമുറപ്പിക്കുന്നത്. കലിക്കറ്റ് വിസിയുടെ അടുത്ത സുഹൃത്തായ ഫിറോസ് ‘വി വിത്ത് വിസി’ എന്ന സംഘടനയുടെ നേതാവ് കൂടിയാണ്.

നിയമനത്തിന് കോഴ വാങ്ങുന്ന വാര്‍ത്ത പുറത്തുവന്നതോടെ എസ്എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. ഭരണകാര്യാലയം ഉപരോധിച്ചതിനിടെ വി.സി കുഴഞ്ഞുവീണു.

അഴിമതി ആരോപണ വിധേയനായ ഫിറോസ് കള്ളിയിലിന്റെ രാജിയാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തേഞ്ഞിപ്പലം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ കാര്യങ്ങള്‍ ലീഗിന്റെ വഴിക്കാണെന്ന് കോണ്‍ഗ്രസ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തന്നെ പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. 

നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ട്രസ്റ്റിനും മന്ത്രി മുനീറിന്റെ ബന്ധുവിന്റെ ട്രസ്റ്റിനും സര്‍വകലാശാല ഭൂമി പതിച്ചുനല്‍കാന്‍ നീക്കമുണ്ടായിരുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഈ നീക്കം ഉപേക്ഷിച്ചത്. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മുമ്പ് കാലിക്കറ്റ് സിന്‍ഡിക്കറ്റ് അംഗമായിരുന്നു. അന്നും നിയമന അഴിമതി വിവാദം സര്‍വകലാശാലയെ പിടിച്ചുലച്ചിരുന്നു.

മുസ്ലീം ലീഗിന്റെ നേതൃത്വത്തിന്റെ ആസ്ഥാനമായ മലപ്പുറം ജില്ലയിലെ ഈ കോഴക്കഥ ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്.

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.