Latest News

തടവുകാരുടെ കൈമാറ്റത്തിന് ഇന്ത്യ-ഖത്തര്‍ കരാര്‍

ന്യൂഡല്‍ഹി: (www.malabarflash.com) തടവുകാരെ പരസ്പരം കൈമാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച ആറു കരാറുകളില്‍ ഇന്ത്യയൂം ഖത്തറും ഒപ്പുവെച്ചു. ഇതനുസരിച്ച് ശിക്ഷിക്കപ്പെട്ട് ഖത്തര്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ ഇന്ത്യക്കും ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന ഖത്തര്‍ പൗരന്മാരെ ഖത്തറിനും കൈമാറും. അവശേഷിക്കുന്ന ശിക്ഷ സ്വന്തം നാട്ടിലെ ജയിലില്‍ അനുഭവിച്ചാല്‍ മതി. 

ഖത്തറില്‍ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളാണുള്ളത് എന്നതിനാല്‍ കരാര്‍ പ്രധാനമായും ഇന്ത്യക്കാണ് ഗുണംചെയ്യുക. ഇന്ത്യ സന്ദര്‍ശിക്കുന്ന ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാങ്കേതിക സഹകരണവും ചര്‍ച്ചചെയ്തു. ഇന്ത്യയിലെ ദേശീയപാത, റെയില്‍വേ എന്നീ മേഖലകളില്‍ ഖത്തറിന്‍െറ നിക്ഷേപം ഇന്ത്യ ക്ഷണിച്ചു.

‘ഇന്ത്യയില്‍ നിര്‍മിക്കുക’ പദ്ധതിയുടെ ഭാഗമായി പ്രതിരോധ ഉപകരണ നിര്‍മാണ മേഖലയില്‍ വിദേശനിക്ഷേപം സ്വീകരിക്കാനുള്ള ഇന്ത്യയുടെ തീരുമാനവും പ്രധാനമന്ത്രി ഖത്തര്‍ അമീറുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ അമീറില്‍നിന്ന് അനുകൂലമായ മറുപടിയാണ് ലഭിച്ചതെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ വൈകാതെ ഉണ്ടാകും. 

2022ല്‍ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്‍റിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്ന ഖത്തറിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ കരാറുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചചെയ്തതായും അക്ബറുദ്ദീന്‍ പറഞ്ഞു. 

ഐ.ടി മേഖലയില്‍ സഹകരണം വിപുലപ്പെടുത്തുന്നതാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ച മറ്റൊരു കരാര്‍. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി ഐ.ടി മേഖയില്‍ ശ്രദ്ധയൂന്നാന്‍ ഒരുങ്ങുന്ന ഖത്തറില്‍ ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുന്നതാണ് പ്രസ്തുത കരാര്‍.

സമുദ്രശാസ്ത്ര പഠന-ഗവേഷണങ്ങളിലുള്ള സഹകരണം, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കുള്ള വിദഗ്ധപരിശീലനത്തിനുള്ള സംയുക്ത പരിപാടി, ടി.വി, റേഡിയോ പരിപാടികളില്‍ പ്രസാര്‍ ഭാരതിയും ഖത്തര്‍ മീഡിയ കോര്‍പറേഷനും തമ്മിലുള്ള സഹകരണം, ഖത്തര്‍ ന്യൂസ് ഏജന്‍സിയും യു.എന്‍.ഐയും തമ്മില്‍ വാര്‍ത്താ കൈമാറ്റത്തിനുള്ള ധാരണപത്രം എന്നിവയാണ് മറ്റു കരാറുകള്‍. 

ഖത്തര്‍ അമീറും സംഘവും രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍’ എന്നിവരുമായും കൂടിക്കാഴ്ച നടത്തി. രാവിലെ രാഷ്ട്രപതി ഭവന്‍ മുറ്റത്ത് നടന്ന ഒൗപചാരിക വരവേല്‍പ് ചടങ്ങില്‍ അമീര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന അത്താഴ സല്‍ക്കാരത്തിന് ശേഷം ഖത്തര്‍ അമീറും സംഘവും മടങ്ങി.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.