Latest News

തളിപ്പറമ്പില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി; വാഹനങ്ങള്‍ തകര്‍ത്തു

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജിലെയും സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കല്ലേറിലും മറ്റുമായി ആറുപേര്‍ക്ക് പരിക്കേറ്റു. നാലുകാറുകളും കോളേജ് ബസ്സും തകര്‍ത്തു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സംഘര്‍ഷം ഉച്ചയ്ക്ക് പോലീസ് എത്തിയതോടെയാണ് കെട്ടടങ്ങിയത്.

പരിക്കേറ്റ വിദ്യാര്‍ഥികളായ ഷൗക്കത്തലി, കെ.പി.ജുനൈദ്, ബിലാല്‍, ദില്‍ഷാദ്, റംഷാദ് എന്നിവരെ ലൂര്‍ദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ പ്രഥമശുശ്രൂഷ നല്കി വിട്ടു.

ബുധനാഴ്ചയും കോളേജ് വിദ്യാര്‍ഥികളും ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.  ബുധനാഴ്ചത്തെ പ്രശ്‌നങ്ങള്‍ ചോദ്യംചെയ്ത് സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് തൊട്ടടുത്ത സര്‍ സയ്യിദ് കോളേജിലേക്ക് ഒരുസംഘം എത്തിയതാണ് അക്രമസംഭവങ്ങള്‍ക്കിടയായതെന്ന് പറയുന്നു. അധ്യാപകരും ജീവനക്കാരും ഇടപെട്ട് ഇവരെ ഇറക്കിവിട്ടെങ്കിലും പിന്നീട് ഇരുസ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍ സംഘടിച്ച് അക്രമം അഴിച്ചുവിടുകയായിരുന്നു. 

സര്‍ സയ്യിദ് കോളേജ് കവാടത്തില്‍വെച്ചാണ് കല്ലേറും കുപ്പിയേറുമുണ്ടായത്. ആദ്യസംഭവത്തില്‍ തന്നെ കോളേജ് ബസ്സിന്റെ ഗ്ലാസ് തകര്‍ന്നു.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാറുകള്‍ തകര്‍ത്തത്. കോളേജിന്റെ പിറകില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ മുഖംമൂടിയണിഞ്ഞെത്തിയ ഒരുസംഘം അടിച്ചുതകര്‍ത്തതായാണ് പരാതി. പ്രൊഫ. കെ.എം.പ്രസീദ്, പ്രൊഫ. പുരുഷോത്തമന്‍, ഡോ. സൈനുല്‍ ഹുക്മാന്‍, ലാബ് അസിസ്റ്റന്റ് മുഹമ്മദ് ഷാഫി എന്നിവരുടെ കാറുകളാണ് തകര്‍ത്തത്.

സ്ഥലത്തെത്തിയ പോലീസ് ഏതാനും വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനുമുമ്പും സര്‍ സയ്യിദ് കോളേജിലെയും ഇന്‍സ്റ്റിറ്റിയൂട്ടിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രാഷ്ട്രീയ കാരണങ്ങളാലല്ല അക്രമം ഉണ്ടാകുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.