Latest News

പരീക്ഷാ ചൂട് തണുക്കും മുമ്പേ മലയിറങ്ങി അവരെത്തിയത് കാരുണ്യത്തിന്റെ തണ്ണിമത്തനുമായി

കാഞ്ഞങ്ങാട്: അരയിയിലെ ഹരിദാസ് - ഷൈജ ദമ്പതികളുടെ മകള്‍ ശ്രേയാദാസിന്റെ ചികില്‍സയ്ക്ക് സഹായത്തിനായി നല്‍കിയ പത്രവാര്‍ത്ത വായിച്ച് ബന്തടുക്ക ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളായ വി.സുജിത്ത്, കെ.യദുകൃഷ്ണ, സി.അരുണ്‍, ടി.വി.സൗരവ്, സി.കെ.പ്രണവ്, ജ്യോമിസ് വര്‍ഗ്ഗീസ് എന്നിവരാണ് പിരിച്ചെടുത്ത പന്ത്രണ്ടായിരം രൂപയും തണ്ണിമത്തനടക്കമുള്ള പഴങ്ങളുമായി അരയിയിലെ വീട്ടിലെത്തിയത്.

എസ്എസ്എല്‍സി പരീക്ഷ സമയത്ത് തന്നെ വാര്‍ത്ത ഇവരുടെ മനസ്സില്‍ ഇടം നേടുകയും കാരുണ്യക്കടലില്‍ ഒരു കുഞ്ഞോളമാകാന്‍ ഒരുമിച്ച് തീരുമാനിക്കുകയും ചെയ്തിരുന്നു.
പരീക്ഷ തീര്‍ന്ന തൊട്ടടുത്ത ദിവസം തന്നെ ഒരു നോട്ടുബുക്കും പേനയുമായി പന്ത്രണ്ടായിരം രൂപ ഇവരുടെ കൈകളിലെത്തി. ഉടനെത്തന്നെ ചികില്‍സാ സഹായസമിതി കണ്‍വീനര്‍ കൊടക്കാട് നാരായണനെ വിളിച്ച് അരയിക്ക് വരുന്ന വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞനുജത്തിയുടെ ജീവന്‍ രക്ഷിക്കാന്‍ ജീവിതം തന്നെ മാതൃകയായി കാണിച്ചു തന്ന, മിടുക്കന്‍മ്മാര്‍ക്ക് മുന്നില്‍ ഒരു ഗ്രാമം ഒന്നടങ്കം നമ്രശിരസ്‌കരായി.

പരീക്ഷയ്ക്ക് ശേഷം വിനോദയാത്രയ്ക്കും മറ്റും ആലോചിക്കുന്ന കൗമാരപ്രായക്കാര്‍ക്കിടയില്‍ വേറിട്ട വ്യക്തിത്വത്തിന് ഉടമകളാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കുട്ടിക്കൂട്ടം പറഞ്ഞപ്പോള്‍, ഷൈജയ്ക്കും ഹരിദാസിനും കരച്ചില്‍ അടക്കാനായില്ല. കൂലിപ്പണിക്കാരായ ലോഹിതാക്ഷന്‍, ഓമനക്കുട്ടന്‍, ഹോട്ടല്‍ തൊഴിലാളികളായ മോഹനന്‍, കുഞ്ഞിരാമന്‍, കൃഷിത്തൊഴിലാളി ടി.കെ.വര്‍ഗ്ഗീസ് എന്നിവരുടെ മക്കളാണ് ഒരു നാടിന്റെ നന്മയുടെ കാവല്‍ക്കാരായ ഈ ആറു കുട്ടികള്‍.

തെക്കുപുറത്തെ വാടക വീട്ടിന് മുമ്പില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ സംഭാവന കൈമാറി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, കൗണ്‍സിലര്‍ സി.കെ.വല്‍സലന്‍, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, കെ.നാരായണന്‍, രവീന്ദ്രന്‍ കൊട്ടോടി, കെ.ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kerala,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.