കണ്ണൂര്‍: [www.malabarflash.com] ഇരുപത് വര്‍ഷത്തിലേറെയായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ ഐ എന്‍ എല്‍ ഇടതുമുന്നണിയിലേക്ക്. സി പി എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനമേറ്റതോടെയാണ് ഐ എന്‍ എല്ലിന് പ്രതീക്ഷ പകര്‍ന്ന നീക്കങ്ങള്‍ ആരംഭിച്ചത്.
ഒരേ നാട്ടുകാര്‍ കൂടിയായ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയ വളപ്പിലും ഇത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ച നടത്തിയിരുന്നു. തലസ്ഥാനത്ത് ഐ എന്‍ എല്‍ നേതാക്കളുമായി വീണ്ടും ചര്‍ച്ചയാകാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി ഐ എന്‍ എല്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലും കോടിയേരി സൂചന നല്‍കിയിരുന്നു. ആലപ്പുഴയില്‍ നടന്ന സംസ്ഥന സമ്മേളന രേഖയില്‍ ഐ എന്‍ എല്ലിനെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.
മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ സ്വാധീനമുണ്ടാക്കേണ്ടത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഐ എന്‍ എല്ലിനെ കൂടെ നിര്‍ത്തേണ്ടത് സംബന്ധിച്ച് എടുത്തു പറയുന്നുണ്ട്. സംസ്ഥാനത്ത് തീവ്രവാദ സംഘടനകളിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നത് ഒഴിവാക്കുന്നതിന് ഐ എന്‍ എല്ലിനെ പോലുള്ള പാര്‍ട്ടികളെ സഹകരിപ്പിക്കണമെന്ന ആവശ്യം ശക്തമായുയര്‍ന്നിരുന്നു.
എന്നാല്‍ പി ടി എ റഹീം എം എല്‍ എയെ കൂടി ഐ എന്‍ എല്ലില്‍ ഉള്‍പ്പെടുത്തണമെന്ന താത്പര്യ പ്രകാരം സി പി എം നേത്യത്വത്തിന്റെ നിര്‍ദേശാനുസരണം പാലോളി മുഹമ്മദ് കുട്ടി, കെ ടി ജലീല്‍ എന്നിവര്‍ പി ടി എ റഹീമിനെ കണ്ടിരുന്നുവെങ്കിലും ഐ എന്‍ എലും റഹീം നേതൃത്വം നല്‍കുന്ന സെക്യുലര്‍ കോണ്‍ഫ്രന്‍സും യോജിച്ച് പുതിയ പേരും കൊടിയും സ്വീകരിച്ച് ഒറ്റ പാര്‍ട്ടിയാകണമെന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.
എന്നാല്‍ ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ഈ നിര്‍ദശം ഐ എന്‍ എല്ലിന് സ്വീകാര്യമായില്ല. ഐ എന്‍ എല്ലിന്റെ നേതൃസ്ഥാനത്ത് പി ടി എ റഹീമിനെ കൊണ്ടുവരണമെന്നാണ് സി പി എമ്മിന്റെ ആഗ്രഹം. ഇത് കാരണമാണ് സി പി എം രണ്ട് നേതാക്കളെ ചര്‍ച്ചക്കായി അയച്ചതും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ മുന്നണിക്ക് പുറത്തിരിക്കേണ്ടി വരില്ലെന്നാണ് സൂചന. 1994ല്‍ മുസ്‌ലിം ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപവത്കരിച്ചതിന് ശേഷം ചെറിയ കാലയളവ് ഒഴിച്ചാല്‍ പാര്‍ട്ടി ഇടത് മുന്നണിയോടൊപ്പമാണ് പ്രവര്‍ത്തിച്ചുവരുന്നത്.
2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇടത് ബന്ധം വിച്ഛേദിച്ച് പാര്‍ട്ടി മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ഥികള്‍ ഇടത് പിന്തുണയോടെ മത്സരിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ ഐ എന്‍ എല്‍ സഹായിച്ചിരുന്നു.
സി പി എമ്മിന് മുസ്‌ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ വേണ്ട രീതിയില്‍ സ്വാധീനമുണ്ടാക്കാനായില്ലെന്നും, വരുന്ന തിരഞ്ഞെടുപ്പുകള്‍ ഈസി വാക്കോവറാകില്ലെന്നുമുള്ള തിരിച്ചറിവുമാണ് ഇടത് മുന്നണി വികസിപ്പിക്കാനും ഐ എന്‍ എല്ലിനെ ഉള്‍പ്പെടുത്തുന്നതിനുമുള്ള ചര്‍ച്ചകള്‍ സി പി എമ്മിലുണ്ടയത്.
ഈ മാസം ആറിന് നടക്കുന്ന എല്‍ ഡി എഫ് യോഗത്തില്‍ മുന്നണി വിപുലീകരണം സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കും. ഐഎന്‍ എല്ലിന് പുറമെ ഇടത് മുന്നണിയുമായി സഹകരിക്കുന്ന സി എം പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ജെ എസ് എസ്, ആര്‍ എസ് പി കക്ഷികളുടെ കാര്യത്തിലും തീരുമാനമെടുക്കേണ്ടതുണ്ട്.
No comments:
Post a Comment