Latest News

ലീഗ് കോട്ടകള്‍ ഇളക്കാന്‍ എല്‍ ഡി എഫ്‌; യു ഡി എഫ് അംഗങ്ങളെ പങ്കെടുപ്പിച്ച് രഹസ്യ യോഗം

തിരൂര്‍: [www.malabarflash.com]  തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജില്ലയിലെ ലീഗ് കോട്ടകള്‍ പിടിച്ചെടുക്കാന്‍ ഇടതു പാളയത്തില്‍ കരുക്കള്‍ നീക്കി തുടങ്ങി. സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം തിരൂരില്‍ രഹസ്യ യോഗം ചേര്‍ന്നത്.

യു ഡി എഫില്‍ അസംതൃപ്തരായ മുതിര്‍ന്ന നേതാക്കളെ പ്രത്യേകം ക്ഷണിച്ചായിരുന്നു യോഗം ചേര്‍ന്നത്. ലീഗുമായി ഇടഞ്ഞു നില്‍ക്കുന്ന ജില്ലയിലെ വിവിധ നിയോജക മണ്ഡലത്തില്‍ നിന്നുള്ള നേതാക്കളായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. 

മുന്‍ കെ പി സി സി അംഗവും ലോക്‌സഭയിലേക്ക് ഇടത് സ്വതന്ത്രനായി മത്സരിക്കുകയും ചെയ്ത വി അബ്ദുര്‍റഹിമാന്‍, സി പി എം താനൂര്‍ ഏരിയാ സെക്രട്ടറി ഇ ജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍. 

തിരൂര്‍, താനൂര്‍, തിരൂരങ്ങാടി തുടങ്ങിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ളവരാണ് പ്രധാനമായും യോഗത്തില്‍ എത്തിയത്. ഓരോ പ്രദേശങ്ങള്‍ക്കും പ്രത്യേകം യോഗങ്ങളുണ്ടായിരുന്നു. അവസാനം തിരൂര്‍ നഗരസഭയിലെ അഞ്ച് യു ഡി എഫ് കൗണ്‍സിലര്‍മാരും മറ്റു മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗവും നടന്നു. 

മുസ്‌ലിം ലീഗ് വര്‍ഷങ്ങളായി ഭരണം കൈയാളുന്ന പ്രദേശങ്ങളില്‍ വികസന കാര്യത്തില്‍ പത്തു വര്‍ഷം പിന്നോട്ടടിച്ചെന്ന് യോഗം വിലയിരുത്തി. ജില്ലയോടുള്ള റെയില്‍വേ അവഗണന, പുഴ സംരക്ഷണം, സ്റ്റേഡിയം നിര്‍മാണം തുടങ്ങിയ വികസന വിഷയങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ വിവിധ കൂട്ടായ്മകള്‍ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. 

വരും ദിവസങ്ങളില്‍ കൂട്ടായ്മകളുടെ പ്രവര്‍ത്തനം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തോട് ചേര്‍ന്ന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസം തിരൂര്‍ പൂങ്ങോട്ടുകുളം ബിയാന്‍കോ കാസ്റ്റലിലായിരുന്നു രഹസ്യ യോഗം ചേര്‍ന്നത്.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.