Latest News

വീട്ടിനുള്ളില്‍ സുഹൃത്ത്; സദാചാര ഗുണ്ടകള്‍ ചോദ്യം ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

കൊടുങ്ങല്ലൂര്‍:  (www.malabarflash.com)വീടിനുള്ളില്‍ സുഹൃത്തുമായി സംസാരിച്ചിരുന്നെന്ന കാരണത്തിന് സദാചാര ഗുണ്ടകള്‍ ചോദ്യം ചെയ്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. പുല്ലൂറ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും പുല്ലൂറ്റ് കോഴിക്കുളങ്ങര ഗോപി എന്നയാളുടെ മകളുമായ അശ്വതി(16)യാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആളില്ലാത്തപ്പോള്‍ അശ്വതി ട്യൂഷിന് വരുന്ന കുട്ടിക്കൊപ്പം വീടിനുള്ളില്‍ സംസാരിച്ചിരുന്നെന്ന് കാട്ടി നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവസമയത്ത് അശ്വതിയുടെ അമ്മയും അച്ഛനും ജോലിക്ക് പോയിരിക്കുകയായിരുന്നു.
അശ്വതിക്കൊപ്പം ഒരു ആണ്‍കുട്ടി വീട്ടിലിരുന്ന് വര്‍ത്തമാനം പറയുന്നുവെന്ന് സദാചാര പോലീസ് ചമഞ്ഞ ഒരു നാട്ടുകാരന്‍ അശ്വതിയുടെ പിതൃസഹോദരനെയും അയല്‍ക്കാരെയും അറിയിക്കുകയും ഇവരെ കൂട്ടി വീട്ടിലെത്തി അശ്വതിയെ ചോദ്യംചെയ്യുകയും ഉണ്ടായി. എന്നാല്‍ ഇവിടെ ആരും വന്നില്ലെന്ന് കുട്ടി മറുപടി പറഞ്ഞു. ഇതിന് പിന്നാലെ ബന്ധുക്കള്‍ വീടു പൂട്ടുകയും അശ്വതിയുമായി തറവാട്ടിലേക്ക് പോകുകയും ചെയ്തു.
എന്നാല്‍, വിവരം അറിയിച്ച ആള്‍ വീണ്ടും അശ്വതിയുടെ വീടിനടുത്തുവന്ന് പരിശോധിച്ചപ്പോള്‍ അശ്വതിയുടെ കൂട്ടുകാരന്‍ വീട്ടിനുള്ളില്‍ത്തന്നെ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടര്‍ന്ന് വീണ്ടും വീട് തുറന്ന് പരിശോധിക്കുകയും കൂട്ടുകാരനെ വിളിച്ചിറക്കുകയും അശ്വതിയെയും കൂട്ടി വീടിനുമുന്നിലെ റോഡില്‍വച്ച് നാട്ടുകാരും മറ്റും ചേര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. 

ഇതിനിടയിലാണ് അശ്വതി നാട്ടുകാരുടെ കണ്ണുവെട്ടിച്ച് വീട്ടിനകത്തുകയറി തീ കൊളുത്തിയത്. തീയും പുകയും ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും വീട് തുറക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

അമ്മ: ശ്രീദേവി, സഹോദരി: അശ്വനി. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.